മുംബൈ∙ തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറൻസിക് പരിശോധനകളിൽ വ്യക്തമായത്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ എൻഡിടിവിയോടു പറഞ്ഞു. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് ഡോക്ടർമാർ പരിശോധിച്ചു വരുകയാണ്. അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതർ സൂചന നൽകിയിട്ടുണ്ട്. അബദ്ധവശാൽ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് ഇതോടെ സംശയമുയർന്നിട്ടുണ്ട്. തണ്ണിമത്തൻ കഴിച്ചതുകാരണമാണ് കുടുംബം മരിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.





