പത്തനംതിട്ട∙ ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ യുട്യൂബർക്ക് എതിരെ കേസെടുത്ത് പമ്പ പൊലീസ്. ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24നാണു ചെങ്ങറ സ്വദേശിയായ യുവാവ് അപ്‍ലോഡ് ചെയ്തത്. ഏപ്രിൽ 19നാണു ദൃശ്യങ്ങൾ പകർത്തിയതെന്നാണു വിവരം. ആളൊഴിഞ്ഞ പതിനെട്ടാംപടി, അതിന് മുകളിലെ കൊടിമരത്തിന്റെ ഭാഗങ്ങള്‍ എന്നിവ കാണിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
കേസെടുത്തതോടെ വിഡിയോ യുട്യൂബിൽ നിന്ന് നീക്കി. ഓട്ടോ തൊഴിലാളിയാണ് ഇയാളെന്നാണു ലഭ്യമായ വിവരം. ശബരിമല നട അടച്ചുകഴിഞ്ഞാൽ അധികൃതർക്കു മാത്രമേ സന്നിധാനത്തേക്ക് പോകാൻ അനുവാദമുള്ളു. അതീവസുരക്ഷാ മേഖലയായ ഇവിടേക്ക് യുവാവ് എങ്ങനെ കടന്നുവെന്നാണു പൊലീസ് അന്വേഷിക്കുന്നത്.





