
കൽപ്പറ്റ: കേരളത്തിലെ ഭരണ പ്രതിപക്ഷ സംഘടനകള്‍ ജൂലൈ 9 ന് നടത്തുന്ന പണിമുടക്ക് അഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് ഫെറ്റോ വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ പ്രവൃത്തികളെ മറച്ചുവച്ച് ജീവനക്കാര്‍ക്ക് ക്ഷാമബത്ത ഉള്‍പ്പടെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്ന ഇടതുപക്ഷ അനുകൂല സംഘടനകളുടെ കാപട്യം ജീവനക്കാര്‍ തിരിച്ചറിയുന്നുണ്ടെന്ന് സമരക്കാര്‍ മനസിലാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി ഒരു വര്‍ഷം മുന്‍പ് തന്നെ കമ്മീഷനെ നിയമിച്ച് നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.
എന്നാല്‍ 2024 ജൂലൈ ഒന്നിന് ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണത്തിനായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു കമ്മിഷനെ പോലും നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തരത്തില്‍ ജീവനക്കാരുടെ അര്‍ഹമായ നിരവധി ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയോ, തടഞ്ഞുവയ്ക്കുകയോ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ യാതൊരു പ്രതിഷേധവും രേഖപ്പെടുത്താതെ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന സമര നാടകം ജീവനക്കാര്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് വി.കെ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി .ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി അംഗങ്ങളായ, ശരത് സോമന്‍ , പ്രശാന്ത് മാസ്റ്റര്‍ , വി.പി ബ്രിജേഷ്, എം ആര്‍ .സുധി, ആര്‍.സന്തോഷ് നമ്പ്യാര്‍, വി.കെ സന്തോഷ് മാസ്റ്റര്‍ , സി.പി വിജയന്‍ , എം.കെ പ്രസാദ്, പി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാട്രഷറര്‍ കെ വിശ്വംഭരന്‍ നന്ദി അറിയിച്ചു.