തിരുവനന്തപുരം∙ എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മൂല്യനിര്‍ണയം ഏപ്രില്‍ 16ന് തുടങ്ങി മേയ് 2ന് അവസാനിക്കും. ആകെ 4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് 25നും പ്രഖ്യാപിക്കും. ഗള്‍ഫ് കേന്ദ്രങ്ങളില്‍ മാര്‍ച്ചിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. 2026 ജൂണ്‍ ഒന്നിന് സ്‌കൂള്‍ പ്രവേശനോത്സവം നടക്കും. ഒന്നാം ക്ലാസ്സ് പ്രവേശനം മേയ് 22 മുതല്‍ നടത്തും. ഒന്നു മുതല്‍ എട്ട് വരെ യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി നല്‍കും. ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാന്‍ പാടില്ല. അണ്‍ എയ്ഡഡ് സ്‌കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. പിടിഎ ഫണ്ട് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം. അവധിക്കാലത്ത് സ്‌പെഷല്‍ ക്ലാസുകള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.





