പാരീസ്: ഒന്നരക്കൊല്ലത്തോളം അച്ഛൻ വാനിൽ പൂട്ടിയിട്ടിരുന്ന ഒൻപതുകാരനെ പോലീസ് രക്ഷപ്പെടുത്തി. നവംബർ 2024 മുതൽ ഫ്രാൻസിലെ കിഴക്കൻ ഭാഗത്തുള്ള ഹാഗൻബാക്കിലാണ് സംഭവം. കുട്ടിയെ നഗ്നനായും ഗുരുതരമായി പോഷകാഹാരക്കുറവോടെയുമാണ് കണ്ടെത്തിയത്. നീണ്ടകാലം വാനിൽത്തന്നെ കഴിഞ്ഞതിനാൽ നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. ചവറുകൂനയുടെ മുകളിലും മലമൂത്രവിസർജ്ജനത്തിന് സമീപത്തായിരുന്നു കുട്ടി. വാനിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ടതായി അയൽക്കാരൻ വിവരം നൽകിയതിനെ തുടർന്നാണ് അധികൃതർക്ക് വിവരം ലഭിച്ചത്.
തന്റെ പങ്കാളിയ്ക്ക് കുട്ടിയെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നുള്ളതുകൊണ്ട് അവനെ സംരക്ഷിക്കാനാണ് തടവിലാക്കിയതെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്. കുട്ടിക്ക് മാനസികരോഗം ബാധിച്ചിരുന്നതായി സൂചിപ്പിക്കുന്ന രേഖകൾ ഒന്നും തന്നെയില്ലെന്ന് അധികൃതർ പറഞ്ഞു. ഈ കുട്ടി മുമ്പ് സ്കൂളിൽ നന്നായി പഠിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
പിതാവിന്റെ പങ്കാളിയിൽനിന്ന് പ്രയാസങ്ങൾ നേരിടേണ്ടി വന്നതായും പിതാവിന്റെ പ്രവർത്തികളെ ന്യായീകരിച്ച് മറ്റ് മാർഗ്ഗമില്ലായിരുന്നു എന്നും കുട്ടി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പിതാവ് ദിവസത്തിൽ രണ്ടുതവണ കുട്ടിക്കായി ഭക്ഷണം കൊണ്ടുവരികയും വാനിൽ വെള്ളം നിറച്ച കുപ്പികൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അവന്റെ അഭാവം മറച്ചുവെക്കാൻ, അധ്യാപകരോട് അവൻ മറ്റൊരു സ്കൂളിലേക്ക് മാറ്റിയതായി പറഞ്ഞിരുന്നു. കുടുംബാംഗങ്ങളോട് അവൻ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.
കുട്ടി പ്ലാസ്റ്റിക് കുപ്പികളിലും മാലിന്യ ബാഗുകളിലും മലമൂത്രവിസർജ്ജനം നടത്താൻ നിർബന്ധിതനായി എന്നും വാനിലാക്കിയതിനുശേഷം കുളിച്ചിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ, പിതാവ് ദിവസത്തിൽ രണ്ടുതവണ സാധനങ്ങൾ വാനിനകത്തേക്ക് എറിയുന്നതായി കാണാം.
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടവിലാക്കൽ, പ്രായപൂർത്തിയാകാത്ത ഒരാൾക്ക് പരിചരണവും ഭക്ഷണവും നിഷേധിക്കൽ എന്നീ കുറ്റങ്ങൾ പിതാവിനെതിരെ ചുമത്തിയിട്ടുണ്ട്. അയാൾ കസ്റ്റഡിയിലാണ്. പങ്കാളിയ്ക്ക് കുട്ടി വാനിൽ തടവിലാക്കപ്പെട്ടിരുന്ന കാര്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും സ്ത്രീക്കെതിരെ കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയും സ്ത്രീയുടെ 10 വയസ്സുള്ള മകളും സാമൂഹികസേവന സംഘടനയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ നീണ്ടകാലത്തെ തടവറയെക്കുറിച്ച് മറ്റാർക്കെങ്കിലും അറിയാമായിരുന്നോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്.








