കടുംനിറത്തിൽ ആദ്യകാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്നവയാണ് കുട്ടികളുടെ വസ്ത്രങ്ങൾ. എന്നാൽ, കാഴ്ചയിലെ ഭംഗിക്കപ്പുറം ഇവയിൽ ഉയർന്ന അളവിൽ വിഷകരമായ ലോഹങ്ങൾ അടങ്ങിയിട്ടുണ്ടാവാമെന്നാണ് പുതിയ പഠനം പറയുന്നത്. ലെഡ് പോലുള്ള ടോക്സിക് മെറ്റലുകൾ ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഇവയെന്നും രക്ഷിതാക്കൾ അപകടാവസ്ഥ തിരിച്ചറിയണമെന്നും സയൻസ് ഡെയ്ലിയിൽ പങ്കുവെച്ച പഠനത്തിൽ പറയുന്നു.
അമേരിക്കയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. വിവിധ കടകളിൽനിന്നുള്ള വസ്ത്രങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് അമേരിക്കൻ ഫെഡറൽ സേഫ്റ്റി ലിമിറ്റിന്റെ പരിധിക്കപ്പുറമാണ് ഇവയിൽ അടങ്ങിയിട്ടുള്ള മെറ്റലുകൾ എന്ന് വ്യക്തമായത്. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് പഠനഫലം പുറത്തുവിട്ടത്.
വസ്ത്രങ്ങൾക്ക് കടുംനിറങ്ങൾ നൽകാനായാണ് നിർമാതാക്കൾ ലെഡ് ഉപയോഗിക്കുന്നത്. ഇവ വസ്ത്രങ്ങളിലൂടെ ശരീരത്തിലെത്താൻ സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ആറുവയസ്സിനു താഴെയുള്ള കുട്ടികൾ വസ്ത്രങ്ങൾ പലപ്പോഴും കടിക്കുകയും മറ്റും ചെയ്യുന്നതിനാൽ കൂടുതൽ അപകടസാധ്യതാ വിഭാഗത്തിലാണെന്നും പഠനത്തിലുണ്ട്.
ലെഡ് അമിതമായി ശരീരത്തിലെത്തുന്നത് പെരുമാറ്റ പ്രശ്നങ്ങൾക്കൊപ്പം മസ്തിഷ്കം, നാഡീവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുക, വൈജ്ഞാനിക അപചയം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കൻ ഉപഭോക്തൃ ഉത്പന്ന സുരക്ഷാ കമ്മീഷൻ നിർദേശിക്കുന്നതു പ്രകാരം ഉപയോഗിക്കാൻ അനുമതിയുള്ള ലെഡിന്റെ അളവ് 100ppm (100-parts-per-million). എന്നാൽ, പഠനത്തിന് തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ ഈ അളവിനേക്കാൾ കൂടുതലായിരുന്നുവെന്നും രക്ഷിതാക്കൾ കരുതലോടെ കാണേണ്ട വിഷയമാണ് ഇതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
വസ്ത്രനിർമാണ രംഗത്ത് നിറത്തിനും മറ്റുമായി ലെഡ് പോലുള്ള ടോക്സിക് മെറ്റലുകൾ ഉപയോഗിക്കുന്നതിന് പകരം സംവിധാനം കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.







