കടയ്ക്കൽ (കൊല്ലം) ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന വയലാ ശരത് മന്ദിരത്തിൽ ശരത് (38) ആണ് മരിച്ചത്. വൈകിട്ട് 5.30ന് കടയ്ക്കൽ മേലേ പന്തളംമുക്കിലാണ് സംഭവം. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ശരത്തിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ശരത് സമീപത്തെ വീട്ടിലേക്ക് ഓടി കയറിയപ്പോൾ വീണു. ഓടിയെത്തിയ നാട്ടുകാർ ശരത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദേശത്തായിരുന്ന ശരത് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. നേരത്തെ കടയ്ക്കലിൽ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. വയലാ കോവൂർ സ്വദേശികൾ ഉൾപ്പെട്ടതാണ് അക്രമി സംഘം.







