നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ മുട്ടിക്കൊമ്പൻ പിടിയിൽ

Spread the love

ബത്തേരി ∙ വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിവന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. 13 ദിവസമായി തുടർന്ന ദൗത്യമാണ് വിജയം കണ്ടത്. തുടർനടപടികൾക്കായി സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകളെ എത്തിച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ നടത്തിയ ദൗത്യത്തിനിടെ താത്തൂർ സെക്‌ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും. മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയാൽ മുത്തങ്ങപ്പന്തിയിൽ പാർപ്പിക്കുന്നതിനുള്ള കൂടു നിർമാണം പൂർത്തിയായിരുന്നു. യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ചാണ് ഈ കൂട് നിർമിച്ചത്. ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തിയ ആനയെ മയക്കുവെടിവച്ച വിവരം ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

 

മാർച്ച് നാലിന് ബത്തേരി വടക്കനാടിൽ ഈ കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ബത്തേരി വനംവകുപ്പ് ഓഫിസിലേക്ക് നാട്ടുകാർ പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതോടെ 12 ദിവസമായി പ്രത്യേക ദൗത്യ സംഘം വനത്തിനുളളിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. പലതവണ ആനയെ കണ്ടെത്തിയെങ്കിലും ദൗത്യസംഘത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്ന ആന കാടിനുള്ളിലേക്ക് ഓടിമറയുന്നതാണ് ദൗത്യത്തിന് തടസ്സം സൃഷ്ടിച്ചുവന്നത്.

 

ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവർ ഉൾപ്പെട്ട എൺപത് അംഗ വനംവകുപ്പ് സംഘത്തോടൊപ്പം മുത്തങ്ങ ആന പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയാണ് പ്രദേശത്ത് നിയോഗിച്ചിരുന്നത്. കുങ്കിയാനകൾ പകൽ പട്രോളിങ് നടത്തുകയും രാത്രികാലങ്ങളിൽ മുട്ടിക്കൊമ്പൻ നാട്ടിലിറങ്ങുന്നത് തടയുകയുമാണ് ചെയ്തുവന്നത്.

 

‘റിസ്ക് ടേക്കിങ് ഫ്രീക്വന്റ് ക്രോപ് റൈഡർ’

 

കാട്ടാനകളുടെ ഇഷ്ടതാവളമാണു നാലുവശവും വനത്താൽ ചുറ്റപ്പെട്ടതും അയ്യായിരത്തോളം കുടുംബങ്ങൾ അധിവസിക്കുന്നതുമായി വടക്കനാട്, കരിപ്പൂര്, വള്ളുവാട്, പണയമ്പം പ്രദേശങ്ങൾ. ഈ പ്രദേശത്തുകാരുടെ പേടിസ്വപ്നമായിരുന്നു മുട്ടിക്കൊമ്പൻ എന്നു നാട്ടുകാർ വിളിക്കുന്ന കാട്ടാന. വെളിച്ചം കണ്ടാൽ ഓടിയടുക്കുന്ന ഇവൻ എട്ടു വർഷത്തോളമായി നാട്ടിലിറങ്ങി വിലസുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തുവരികയായിരുന്നു.

 

വനാതിർത്തികളിൽ ഒരുക്കിയിട്ടുള്ള ഷോക് ഫെൻസിങുകൾ അടക്കം ബുദ്ധിപൂർവം തകർത്ത് ഭക്ഷണക്കൊതിയോടെ കൃഷിയിടങ്ങളിലേക്കെത്തുന്ന ‘റിസ്ക് ടേക്കിങ് ഫ്രീക്വന്റ് ക്രോപ് റൈഡർ’ എന്ന ഗണത്തിൽപെട്ടതാണ് മുട്ടിക്കൊമ്പനെന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ പറഞ്ഞു. പാതിരാത്രിയോടെ പ്രതിരോധ മാർഗങ്ങൾ മറികടന്ന് കൃഷിയിടത്തിലെത്തുന്ന മുട്ടിക്കൊമ്പൻ ആവോളം തീറ്റയെടുത്ത് പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങാറ്.

 

ചിലപ്പോഴൊക്കെ വീടുകൾക്കു നേരെയും തിരിയും. 2019 ലും അതിനു മുൻപുമായി പിടിയിലായി മുത്തങ്ങ പന്തിയിലെ താപ്പാനകളായി മാറിയ വടക്കനാട് കൊമ്പന്റെയും കല്ലൂർ കൊമ്പന്റെയും (വിക്രം, ഭരത്) സംഘത്തിലുള്ളവനായിരുന്നു മുട്ടിക്കൊമ്പനും. വടക്കനാട് കൊമ്പൻ കാട്ടാനയായിരിക്കെ നാട്ടിലിറങ്ങി വിലസിയ സമയത്ത് ‘വടക്കനാട് കൊമ്പന്റെ വലംകൈ’ എന്നാണ് മുട്ടിക്കൊമ്പൻ അറിയപ്പെട്ടിരുന്നത്. അന്ന് ഒതുങ്ങിക്കൂടിയിരുന്ന മുട്ടിക്കൊമ്പൻ, വടക്കനാട് കൊമ്പൻ അകത്തായതോടെയാണ് വില്ലനായി തുടങ്ങിയത്. ഒപ്പം ചുള്ളിക്കൊമ്പൻ എന്ന മറ്റൊരു ആന കൂടി ഉണ്ടായിരുന്നു. ഇവ രണ്ടും നാട്ടിലെ സ്ഥിരം പ്രശ്നക്കാരാണ്. ഒടുവിൽ മയക്കുവെടി വച്ച് പിടിയിലാകുമ്പോൾ ‘വിക്രം’ എന്നു പേരിട്ട് വടക്കനാട് കൊമ്പനാണ് മുട്ടിക്കൊമ്പനെ പന്തിയിലേക്ക് കൂട്ടാനെത്തിയതെന്നതും കൗതുകമായി.

 

വീടുകൾ ആക്രമിക്കുക, ടോർച്ച് അടിക്കുന്നവർക്കു നേരെ ഓടിയടുക്കുക, ബഹളമുണ്ടായാൽ അനങ്ങാതെ നിൽക്കുക, തെങ്ങുകൾ കൂട്ടത്തോടെ പിഴുതെറിയുക, സുരക്ഷാ വൈദ്യുത വേലികൾക്കു മുകളിലേക്ക് മരങ്ങൾ മുറിച്ചിടുക, പകൽ സമയങ്ങളിൽ കാട്ടിലെ ഒളിവുകേന്ദ്രങ്ങളിൽ കഴിയുക എന്നിവയൊക്കെയാണ് മുട്ടിക്കൊമ്പന്റെ വിനോദങ്ങൾ. മുട്ടിക്കൊമ്പൻ സ്ഥിരം പ്രശ്നക്കാരനായതിനാൽ ഈ ആനയെ പിടികൂടി മാറ്റണമെന്ന് പ്രമേയം പാസാക്കി നൂൽപുഴ പഞ്ചായത്ത് രേഖാമൂലം വനംവകുപ്പ് വഴി 2024 ൽ സമർപ്പിച്ചിരുന്നു. രണ്ടു മാസം മുൻപും ഇതേ കാര്യം രേഖപ്പെടുത്തി വടക്കനാട്ടെ മൂന്നു വാർഡുകളുടെയും ഗ്രാമസഭകളും പ്രമേയം പാസാക്കിയിരുന്നു.

 

കാട്ടാനക്കലി – 3 വർഷത്തിനിടെ വയനാട്ടിൽ പൊലിഞ്ഞത് 16 ജീവൻ

 

2023

 

ജൂലൈ 23– പുൽപള്ളി പള്ളിച്ചിറ ഉന്നതിയിലെ ബോളൻ

ഓഗസ്റ്റ് 13–തോൽപെട്ടി ബേഗൂർ ഉന്നതിയിലെ ചെറിയ സോമൻ(53)

സെപ്റ്റംബർ 12– ട്രക്കിങ്ങിനിടെ വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പുളിഞ്ഞാൽ നെല്ലിക്കച്ചാൽ തങ്കച്ചൻ(47)

സെപ്റ്റംബർ 30–പുൽപള്ളി ആനപ്പാറ കുള്ളൻ(52). മരിച്ചത്ഒക്ടോബർ 14

നവംബർ 4–ചുളിക്ക എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ കുഞ്ഞവറാൻ മുസ്‌ല്യാർ(58)

2024

 

ജനുവരി 10– പടമന സ്വദേശി അജീഷ്(47)

ജനുവരി 31– തിരുനെല്ലി തോൽപെട്ടി ബാർഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണൻ(50)

ഫെബ്രുവരി 16– താൽക്കാലിക വനം വാച്ചർ പാക്കം സ്വദേശി പോൾ(55)

മാർച്ച് 28–പരപ്പൻപാറയിൽ മിനി(35)

ജൂലൈ 16–കല്ലൂർ കല്ലുമുക്ക് രാജു(49)2025

ജനുവരി 8– കുട്ട സ്വദേശി വിഷ്ണു(22)

ഫെബ്രുവരി 11–നൂൽപുഴ കാപ്പാട് ഉന്നതിയിൽ അമ്പലമൂല നരിക്കൊല്ലി മാനു (45)

ഫെബ്രുവരി 13– മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലകൃഷ്ണൻ(27)

ഏപ്രിൽ 24–മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഉന്നതിയിലെ അറുമുഖൻ (66)

ഡിസംബർ 25–മാനന്തവാടി ചെറുമാത്തൂർ ഊരിലെ പാലച്ചി(62)

2026

 

മാർച്ച് 4– വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37)

  • Related Posts

    ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്നതാണ്…

    നരസ്സി പുഴയിൽ 48കാരന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveപനമരം: പനമരം നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തി മൃതുദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *