കാരവാനിൽ സിസിടിവികളില്ല; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും

Spread the love

കൊച്ചി∙ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേകാന്വേഷണ സംഘം. ലൈംഗികാതിക്രമം നടന്നു എന്നു കരുതുന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ശേഖരിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് വിവരം. അതിനിടെ, രഞ്‍‍ജിത്ത് അറസ്റ്റിലാകുന്നതിനു മുമ്പ് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉടമയും നടനുമായ ബോബി കുര്യൻ, ചിത്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ, രഞ്ജിത്തിന്റെ മറ്റൊരു സഹായി എന്നിവരെ ചോദ്യം ചെയ്യും. രഞ്ജിത്ത് അറസ്റ്റിലാകുന്ന സമയത്ത് വാഹനത്തിൽ കൂടെയുണ്ടായിരുന്നവരാണ് ഇവർ.

കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തിൽ ഉദയംപേരൂർ ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല. രണ്ട് വനിതാ എസ്ഐമാരും എസ്ഐടിയിലുണ്ട്. കഴിഞ്ഞ ജനുവരി 30ന് ഉദയംപേരൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ കാരവാനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. നടി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുവന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരിൽ നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിർണായകം. ഇതായിരിക്കും ആദ്യം പൂർത്തിയാക്കുക എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

 

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയിൽ കിട്ടാനുള്ള പൊലീസിന്റെ അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും ശനിയാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്ന് വാദിക്കാനും കസ്റ്റഡിയിൽ കിട്ടാനും ഷൂട്ടിങ് ലൊക്കേഷനിൽ ഉള്ളവരുടെ മൊഴി സഹായകമാകും എന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെക്കൊണ്ട് കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതിനാൽ കസ്റ്റഡി അപേക്ഷ നൽകുമ്പോൾ കോടതി പൊതുവെ അനുവദിക്കാറാണ് പതിവ്. ഒരു ദിവസം കസ്റ്റഡിയിൽ വിട്ടാൽ പോലും തിങ്കളാഴ്ച വരെ രഞ്ജിത്ത് ജയിലിൽ കഴിയേണ്ടി വരും. അന്ന് ജാമ്യം ലഭിച്ചാൽ മാത്രമാണ് പുറത്തിറങ്ങാൻ കഴിയുക.

 

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മുമ്പും ഇത്തരത്തിലുള്ള രണ്ടു കേസുകൾ ര‍ഞ്ജിത്തിനെതിരെ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ ഇന്നലെ പറഞ്ഞിരുന്നു. സംവിധായകനെതിരെയുള്ള കേസിന് മൂർച്ച കൂട്ടാൻ പൊലീസ് ഇതും ഉപയോഗിക്കുമെന്ന സൂചനയാണിത്. ഒളിവിൽ പോകാനായിരുന്നു രഞ്ജിത്തിന്റെ ശ്രമം എന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചോ എന്ന വിവരമാണ് ബോബി കുര്യൻ, ര‍ഞ്ജിത്തിന്റെ സഹായികൾ എന്നിവരിൽ നിന്ന് പൊലീസ് തേടുക.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *