
മുംബൈ ∙ പുണെയിലെ ആഡംബര റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന 25 വയസ്സുള്ള യുവതിയെ കൊറിയർ ഡെലിവറി ജീവനക്കാരൻ ആയി വേഷംമാറിയെത്തിയ യുവാവ് ബലാത്സംഗം ചെയ്തു. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു പീഡനമെന്ന് യുവതി പൊലീസിനു മൊഴി നൽകി.
കൊറിയർ ഡെലിവറി ജീവനക്കാരനായി വേഷം മാറിയെത്തിയ യുവാവ് വീട്ടിലെത്തി കോളിങ് ബെൽ അടിക്കുകയായിരുന്നു. വാതിൽ തുറന്നെത്തിയ യുവതിയോട് കൊറിയർ ജീവനക്കാരൻ ആണെന്ന് പരിചയപ്പെടുത്തി. യുവതിക്കുള്ള കൊറിയർ ആണെന്ന് പറഞ്ഞപ്പോൾ, തനിക്ക് കൊറിയർ ഒന്നുമില്ലെന്നു മറുപടി നൽകി. പാഴ്സൽ തന്റേതല്ലെങ്കിൽ പോലും, പേപ്പറുകളിൽ ഒപ്പിടണമെന്ന് യുവാവ് പറഞ്ഞു. ഇതിനുപിന്നാലെ യുവതിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു.
ബലാത്സംഗത്തിനു ശേഷം താൻ വീണ്ടും വരാമെന്നു പറഞ്ഞ യുവാവ് സെൽഫിയെടുത്ത ശേഷമാണ് മടങ്ങിയത്. സഹോദരൻ ജോലിക്കു പോയതിനെ തുടർന്ന് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു എന്ന് പൊലീസ് പറയുന്നു. രാത്രി ഏഴരയോടെയാണ്, കൊറിയർ ജീവനക്കാരൻ എന്ന വ്യാജേന ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു.