30 സിലിണ്ടറിന് പകരം 2 ടൺ വിറക് !; വിശപ്പടക്കാൻ സമൃദ്ധി കണ്ടെത്തിയ വഴി

Spread the love

കൊച്ചി∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ നഗരത്തിന്റെ വിശപ്പടക്കാൻ വിറകിൽ അഭയം തേടി സമൃദ്ധി കന്റീൻ. കുറഞ്ഞ വിലയ്ക്ക് നഗരവാസികൾക്ക് ഭക്ഷണം നൽകുന്ന സമൃദ്ധിയിലെ പാചകം ഇന്ന് രാവിലെ 10 മണിയോടെ വിറകടുപ്പിലേക്ക് മാറി. എറണാകുളം നോർത്ത് പരമാര റോഡിലുള്ള സമൃദ്ധിയുടെ പ്രധാന കന്റീന്റെ മുൻവശത്ത് പന്തലൊരുക്കിയാണ് അടുപ്പുകൾ സജ്ജീകരിച്ചിട്ടുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള സമൃദ്ധിയുടെ ഒന്‍പത് ഔട്ട്‍ലെറ്റുകളിലേക്കുമുള്ള ഭക്ഷണം പരമാര റോഡിലെ കന്റീനിലാണ് തയാറാക്കുന്നത്. പാചകവാതകത്തിന് ക്ഷാമം നേരിട്ടതോടെ ദോശ, പൂരി, പുട്ട് തുടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കിയതിനു പുറമെ നോൺ–വെജിറ്റേറിയൻ സ്പെഷലുകളിലും കുറവു വരുത്തിയിട്ടുണ്ട്.

 

ദിവസം ശരാശരി 19 കിലോഗ്രാമിന്റെ 25–30 പാചകവാതക സിലിണ്ടറുകളാണ് സമൃദ്ധിക്ക് ആവശ്യമായി വരുന്നത്. പരമാര റോഡിലുള്ള പ്രധാന കന്റീൻ, കടവന്ത്രയിൽ ജിസിഡിഎ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കന്റീൻ, ഫോർട്ട്കൊച്ചിയിൽ റോ–റോ ജെട്ടിക്ക് സമീപമുള്ള കന്റീൻ, ഷിപ്‍യാർഡിലെ മൂന്നോളം ഔട്ട്‍ലെറ്റുകൾ അടക്കം 9 ഇടത്തേക്കുമുള്ള ഭക്ഷണമാണ് ഇവിടെ തയാറാക്കുന്നത്. മാത്രമല്ല, നഗരത്തിലെ ഏതാനും സ്കൂളുകളിലേക്കുള്ള പ്രഭാതഭക്ഷണവും സമൃദ്ധി തന്നെയാണ് നൽകുന്നത്. തുടക്കത്തിൽ 10 ലോഡ് വിറകാണ് ആലുവയിൽനിന്ന് പാചകത്തിനായി എത്തിച്ചിരിക്കുന്നത്. 3–4 ദിവസത്തേക്ക് ഇതു മതിയാകുമെന്നാണ് കണക്കുകൂട്ടൽ.

 

അതേസമയം, ഭക്ഷണം തയാറാക്കാൻ കൂടുതൽ സമയം, വിറക് സൂക്ഷിക്കാനുള്ള സംവിധാനം, പന്തലുണ്ടെങ്കിൽ പോലും തുറന്ന സ്ഥലത്ത് പാചകം ചെയ്യുന്നത് മുതൽ ചൂടും പുകയും അടക്കമുള്ള പ്രശ്നങ്ങൾ വിറകടുപ്പിൽ‍ പാചകം ചെയ്യുമ്പോഴുണ്ട്. നിർത്താൻ പറ്റില്ലല്ലോ, അതുകൊണ്ട് ഇതൊക്കെ സഹിച്ചും പ്രവർത്തിക്കും എന്നാണ് കന്റീന്‍ നടത്തിപ്പുകാരായ കുടുംബശ്രീ അംഗങ്ങളുടെ വാക്കുകൾ. അതേസമയം, ബുദ്ധിമുട്ട് കൂടുതലുണ്ടെങ്കിലും പാചകവാതകത്തിൽ ചെയ്യുന്നതിനേക്കാൾ ലാഭകരമായിരിക്കും വിറകടുപ്പ് എന്നാണ് കണക്ക്. 19 കിലോ ഗ്യാസിൽ ചെയ്യുന്ന പാചകം വിറകിലാണെങ്കിൽ 55–60 കിലോ വിറക് വേണ്ടി വരും. 30 സിലിണ്ടറുകൾ ഉപയോഗിച്ചുള്ള പാചകത്തിനു വിറക് വേണ്ടി വരിക 2 ടണ്ണിലേറെ. നിലവിൽ ഒരു പാചകവാതക സിലിണ്ടറിന് 1800–2000 രൂപയാകുമ്പോൾ 30 സിലിണ്ടറിനു വേണ്ടി വരിക 54,000 മുതൽ 60,000 രൂപ വരെയാണ്. എന്നാൽ റബർ വിറകാണ് ഉപയോഗിക്കുന്നതെങ്കിൽ കിലോയ്ക്ക് 8–10 രൂപ നിരക്കിൽ 20,000 രൂപ വരെയാകാം. വലിയ ഹോട്ടലുകളും മറ്റും നിലവിൽ ഉപയോഗിക്കുന്ന വിറക് പെല്ലറ്റാണെങ്കിൽ വില കിലോയ്ക്ക് 18 രൂപയാകാം, അങ്ങനെയെങ്കിൽ ചിലവ് 36,000 മുതൽ 40,000 രൂപ വരെ.

 

സമൃദ്ധിയുടെ എല്ലാ ഔട്ട്‍ലെറ്റുകളിൽനിന്നുമായി ദിവസം 8000 ഊണ് ചെലവാകുന്നുണ്ട്. ഇതിൽ നോർത്ത് പരമാര റോഡിലുള്ള കന്റീനിൽ 3500, ജിസിഡിഎയിൽ 2000–2500, ഫോർട്ട് കൊച്ചിയിൽ 1500–2000 എന്നിങ്ങനെയാണ് ഊണ് ചെലാവാകുന്നത്. ഇതിൽ 5000 ഊണുകളോളം ഡിസ്കൗണ്ട് നിരക്കിലാണ് കൊടുക്കുന്നത്. നോർത്തിലും ഫോർട്ട് കൊച്ചിയിലും ഊണിന് 20 രൂപയാണെങ്കില്‍ ജിസിഡിഎയിൽ 40 രൂപയാണ്. ഒരു ഊണ് തയാറാക്കാൻ സമൃദ്ധിക്ക് വേണ്ടി വരുന്നത് ഏകദേശം 37 രൂപയാണ്. അപ്പോൾ ഓരോ 20 രൂപയുടെ ഊണിലും 17 രൂപ നഷ്ടം. ഓരോ ദിവസവും 50,000 മുതൽ 70,000 രൂപ വരെ ഊണിനത്തിൽ ഇവർക്ക് നഷ്ടമാണ്. ഇതിനെ മറികടക്കുന്നത് വിപണി വിലയ്ക്ക് സ്പെഷൽ വിഭവങ്ങൾ നൽകിയായിരുന്നു.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *