ഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പു വച്ചതായി അബ്ദുൽ റഹീം സഹായ സമിതി പ്രവർത്തകർ അറിയിച്ചു.
റഹീമിന്റെ എക്സിറ്റ് വീസയിലും സൗദി ഭരണകൂടം ഒപ്പു വച്ചതായാണ് വിവരം. യാത്രയ്ക്കായി ഇന്ത്യൻ എംബസി അനുവദിച്ച താൽക്കാലിക പാസ്‌പോർട്ട് ഉപയോഗിച്ചാണ് എക്സിറ്റിനായി അപേക്ഷ സമർപ്പിച്ചത്. എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ റഹീമിന് ഏതു സമയവും നാട്ടിലെത്താനാകുമെന്ന് സഹായ സമിതി അറിയിച്ചു.
വധശിക്ഷ റദ്ദാക്കപ്പെട്ട ശേഷം വിധിച്ച 20 വർഷത്തെ തടവ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സൗദിയിൽ ബലി പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടിക്രമങ്ങൾ എന്നു പൂർത്തിയാകും എന്നത് വ്യക്തമല്ല. അതേസമയം, പെരുന്നാൾ ദിനത്തിൽ തന്നെ അബ്ദുൽ റഹീമിനെ വീട്ടിലെത്തിക്കാനാണ് സഹായസമിതി പ്രവർത്തകരുടെ ശ്രമം.
രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനായ അബ്ദുൽ റഹീം 2006 നവംബർ 28 ന് തന്റെ ഇരുപത്തിയാറാം വയസ്സിലാണ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഡിസംബർ 24നാണ് സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദു റഹിമാൻ അൽ ശഹ്‌രിയുടെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽ ശഹ്‌രിയുടെ(15) മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി റിയാദ് ഇസ്കാനിലെ ജയിലിൽ അടയ്ക്കപ്പെട്ടത്.
കേസിൽ വധശിക്ഷ വിധിച്ച് 18 വർഷം പിന്നിട്ടപ്പോഴാണ് 34 കോടി രൂപ ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയത്. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ദിവസങ്ങൾക്കകം ലോകമെമ്പാടുമുളള മലയാളി സമൂഹത്തിൽ നിന്ന് 48 കോടി രൂപ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചു. ഇതിൽ 34 കോടി രൂപ മരണപ്പെട്ട സൗദി ബാലന്റെ കുടുംബത്തിനും ഒന്നര കോടി രൂപ സൗദിയിൽ അഭിഭാഷകനും നൽകി.





