മംഗളൂരു: വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് 45 കോടിയിലധികം രൂപ വെട്ടിപ്പ് നടത്തിയ കേസില്‍ കര്‍ണാടക വെറ്ററിനറി, അനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ആറ് പേരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
സര്‍വകലാശാലയുടെ മുന്‍ വിസി എച്ച്.ഡി നാരായണസ്വാമി, വിരമിച്ച കണ്‍ട്രോളര്‍ കെ.എല്‍. സുരേഷ്, ബംഗളൂരുവിലെ സ്വകാര്യ സംരംഭകന്‍ എഫ്ഡിഎ മൃത്യുഞ്ജയ് ഹിരേമത്ത്, മഞ്ജുനാഥ്, രാമഗോണ്ട എന്നിവരാണ് അറസ്റ്റിലായത്. 2017-18 വര്‍ഷത്തെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലാണ് നടപടി.
2017-18 കാലഘട്ടത്തിലാണ് സര്‍വകലാശാല ഉദ്യോഗസ്ഥരും സ്വകാര്യ വിതരണക്കാരും ചേര്‍ന്ന് 45 കോടിയിലധികം രൂപ തട്ടിയെടുത്തതെന്നും, വാങ്ങാത്ത വസ്തുക്കള്‍ക്ക് വ്യാജ ബില്ലുകള്‍ ഉണ്ടാക്കി. തട്ടിപ്പ് നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കായി ഡിവൈസുകളും വസ്തുക്കളും വാങ്ങിയെന്ന പേരില്‍ വ്യാജ ഇന്‍വോയ്സുകളും വ്യാജ രേഖകളും തയ്യാറാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിശോധനയില്‍ സാധനകള്‍ വാങ്ങിയതായി രേഖകള്‍ മാത്രമാണുള്ളതും വസ്തുക്കള്‍ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോകായുക്ത എഡിജിപി മനീഷ് കര്‍ബിക്കര്‍, ഐജി സുബ്രഹ്മണേശ്വര്‍, എസ്പിമാരായ ബദരീനാഥ്, സിദ്ധരാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബിദാര്‍ ലോകായുക്ത ഡെപ്യൂട്ടി എസ്പി ഹനമന്തരാജു, സന്തോഷ് റാത്തോഡ്, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.





