1985ൽ അച്ഛൻ വിറ്റ ബൈക്ക് വീണ്ടെടുത്ത് മകൻ

Spread the love

ഒറ്റപ്പാലം ∙ നിർബന്ധിത സാഹചര്യത്തിൽ ഭർത്താവിനു വിൽക്കേണ്ടിവന്ന ബൈക്ക് 4 പതിറ്റാണ്ടിനിപ്പുറം മകൻ സായി കിരൺ വീണ്ടെടുത്തു വീട്ടുമുറ്റത്തു കൊണ്ടുനിർത്തിയപ്പോൾ ചന്ദ്രികയ്ക്ക് കണ്ഠമിടറി. പത്തൊൻപതാം മൈൽ പത്തൂർവളപ്പിൽ തറവാടിനു മുന്നിൽ വന്നുനിന്ന ‘കെഎൽജി 8153’ റജിസ്ട്രേഷൻ നമ്പറിലുള്ള എൻഫീൽഡ് ബുള്ളറ്റ് ചന്ദ്രികയ്ക്കു ഭർത്താവ് ഗംഗാധരന്റെ പ്രിയപ്പെട്ട ഓർമ കൂടിയായിരുന്നു.

 

ആന്ധ്രയിൽ വ്യവസായിയായിരുന്ന പരേതനായ പത്തൂർവളപ്പിൽ ഗംഗാധരൻ 1985ൽ ആണു താൻ ജീവനു തുല്യം ഇഷ്ടപ്പെട്ടു കൊണ്ട‌ുനടന്നിരുന്ന 1959 മോഡൽ ബുള്ളറ്റ് വിറ്റത്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു കൈമാറ്റം. അക്കാലത്ത് 9300 രൂപയ്ക്കു വാഹന ഇടപാടുകാർക്കു കൈമാറിയ ബൈക്കിനെ കുറിച്ചു മരിക്കുന്നതു വരെയും ഗംഗാധരൻ ഓർക്കുമായിരുന്നെന്നു മകനും ഒറ്റപ്പാലം നഗരസഭാ കൗൺസിലറുമായ സായി കിരൺ പറയുന്നു.

 

87ൽ ഗംഗാധരൻ മരിച്ച ശേഷവും ബുള്ളറ്റ് തീരാനോവായി കുടുംബാംഗങ്ങളുടെ മനസ്സിലുണ്ടായിരുന്നു. സാമ്പത്തികമായി അൽപം സ്ഥിരത കൈവന്ന ശേഷം മകൻ സായി കിരൺ അച്ഛന്റെ പ്രിയപ്പെ‌ട്ട ബൈക്ക് തിരയാൻ തുടങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.

 

കാലപ്പഴക്കം ബാധിച്ച ബൈക്ക് പൊളിച്ചുപോയിക്കാണുമെന്നു സ്വയം സമാധാനിച്ചു ശ്രമം ഉപേക്ഷിച്ച ഘട്ടത്തിലായിരുന്നു അപ്രതീക്ഷിത വഴിത്തിരിവ്. സായി കിരണിന്റെ അർധസഹോദരന്റെ മകൻ അശ്വിൻ സായി പരിവാഹൻ വെബ്സൈറ്റിൽ റജിസ്ട്രേഷൻ നമ്പർ ടൈപ് ചെയ്തപ്പോൾ ബൈക്ക് പൊളിച്ചിട്ടില്ലെന്നു മനസ്സിലായി. വാഹനം എവിടെയാണെന്നു കണ്ടെത്തലായി അടുത്ത വെല്ലുവിളി.

 

മോട്ടർ വാഹന വകുപ്പിലെ ചില പരിചയക്കാരോടു കാര്യം വിശദീകരിച്ചതോടെ വാഹനം കണ്ണൂരിലുണ്ടെന്നു കണ്ടെത്തി. ഉടമയുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കണ്ണൂർ പെരിങ്ങലായി കാപ്പാട് ആലക്കാട്ട് വീട്ടിൽ അമലിന്റെ കൈവശമാണു ബുള്ളറ്റെന്നു തിരിച്ചറിഞ്ഞു. പഴയകാലത്തെ താരമൂല്യമുള്ള വാഹനങ്ങൾ വാങ്ങി സൂക്ഷിക്കുന്നയാളാണ് അമൽ. ഫോണിൽ ബന്ധപ്പെട്ടപ്പോഴെല്ലാം താൻ വിൽപനയ്ക്കു വാങ്ങിയ വാഹനമല്ല എന്നായിരുന്നു മറുപടി. ഒടുവിൽ ഗംഗാധരന്റെ കുടുംബം ഇതേ ബുള്ളറ്റിന് അരികിൽ നിൽക്കുന്ന പഴയകാല ഫോട്ടോ വാട്സാപിൽ അയച്ചതോടെയാണ് അമലിന്റെ മനസ്സലിഞ്ഞത്.

 

കണ്ണൂരിലെത്തി അമലിനെ കണ്ടപ്പോൾ താൻ വാങ്ങിയ അതേ വിലയ്ക്കു ബൈക്ക് നൽകാൻ തയാറാണെന്ന് അറിയിച്ചു. സ്ഥാനാർഥിയായതിനാൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് പണവുമായി എത്താമെന്നറിയിച്ചു. എന്നാൽ 2 ദിവസത്തിനു ശേഷം അമൽ സായിയെ ഫോണിൽ വിളിച്ച് ഇങ്ങനെ പറഞ്ഞു. ‘ഒരു കണ്ടെയ്നർ പാലക്കാട്ടേക്കു വരുന്നുണ്ട്, നിങ്ങടെ ബുള്ളറ്റ് അതിൽ കയറ്റിവിട്ടിട്ടുണ്ട്, പണമൊക്കെ പിന്നീടു തന്നാൽ മതി’. ഒറ്റപ്പാലത്തെത്തിയ ബുള്ളറ്റ് വീട്ടിലേക്കു കൊണ്ടുപോകും മുൻപു നേരെ വർക്‌ഷോപ്പിലേക്ക്. പഴയ മാതൃകയിലുള്ള സാധനങ്ങളെല്ലാം ഡൽഹിയിൽ നിന്ന് എത്തിച്ചു പൂർണമായി അഴിച്ചുപണിയാൻ ഏൽപിച്ചു. ഇതിനിടെ പറഞ്ഞുറപ്പിച്ച പണം അമലിനു ട്രാൻസ്ഫർ ചെയ്തുകൊടുത്തു.

 

പണി കഴിഞ്ഞു വർക്‌ഷോപ്പിൽ നിന്നു കൊണ്ടുവരുന്നതിന്റെ തലേന്നു രാത്രി സായി കിരൺ അമ്മ ചന്ദ്രികയോടു ചോദിച്ചു. ‘നമ്മുടെ ബുള്ളറ്റ് എവിടെയെന്ന് ഒന്നുകൂടി തിരഞ്ഞാലോ?’ അതൊന്നും ഇനി തിരിച്ചുകിട്ടില്ലെന്നു മറുപടി നൽകിയ അമ്മയ്ക്കു മുന്നിലേക്കാണു പിറ്റേന്നു രാത്രി ബുള്ളറ്റുമായി സായി കിരൺ എത്തിയത്.

  • Related Posts

    പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

    Spread the love

    Spread the love  ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ…

    മായില്ല ആ പാല്‍പ്പുഞ്ചിരി, കുട്ടികളുടെ കൈകളില്‍ ഇനി കൂട്ടായി ‘പൊന്നോമന’; സപ്ലൈകോയുടെ ആലിന്‍ നോട്ട്ബുക്കുകള്‍

    Spread the love

    Spread the love    കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന നിലയില്‍ പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിനെ ആര്‍ക്കും മറക്കാനാവില്ല. ഇനി കുഞ്ഞ് ആലിന്‍ ഓര്‍മ്മത്താളായി നമുക്കൊപ്പമുണ്ടാകും. നന്മയുടെ പ്രതീകമായി കുട്ടികളുടെ നോട്ട് ബുക്കില്‍ ചിരിതൂകി…

    Leave a Reply

    Your email address will not be published. Required fields are marked *