കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. മരണം മുന്നില്‍ കണ്ട് ഇനി ജീവിതം ഉണ്ടോ എന്ന് ചിന്തിച്ച സന്ദര്‍ഭത്തില്‍ നിന്നാണ് തിരിച്ചുകയറിയത്. പുതിയ സര്‍ക്കാരിനോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അവര്‍ പറഞ്ഞു.
‘നാലുവര്‍ഷത്തെ പോരാട്ടമാണ് നടന്നത്. പോരാട്ടത്തിന്റെ വിജയമാണ്. മനസിന് ഒരുപാട് സന്തോഷവും മനസിന് ഒരുപാട് സമാധാനവും ഉള്ള ദിവസമാണ്. ഇതുവരെ കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള ശക്തമായ മറുപടിയാണിത്. എന്റെ കൂടെനിന്ന് പൊരുതിയ ഒരുപാട് നല്ല മനുഷ്യരുടെ സപ്പോര്‍ട്ടിന്റെ കൂടി വിജയമാണിത്. രാഷ്ട്രീയഭേദമന്യേ എല്ലാവരും സപ്പോര്‍ട്ട് ചെയ്തു. മതവും ജാതിയും ഒന്നും നോക്കാതെ വേദനിക്കുന്ന ഒരു സഹോദരിയുടെ കൂടെ നിന്നു. മനുഷ്യത്വത്തിന്റെ ഭാഗമായി കൂടെനിന്നു. പോരാട്ടത്തിന്റെ വിജയമാണ്. നന്ദിയും കടപ്പാടും ഉണ്ട്’- ഹര്‍ഷിന തുടര്‍ന്നു.
പരാതി നല്‍കിയ ആശുപത്രിയില്‍ തന്നെ ജോലിക്ക് കയറുന്നതില്‍ ആശങ്കയില്ല. ആര്‍ക്കെതിരെയും വ്യക്തിപരമായി നിന്നിട്ടില്ല. നീതികേടിന് പരിഹാരം എന്നത് മാത്രമായിരുന്നു ആവശ്യം. ആരെയും ഉപദ്രവിക്കാന്‍ തുനിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിഡി സതീശന്‍ അന്ന് വിഷയം ഏറ്റെടുത്തു എന്നാണ് പറഞ്ഞത്. ഇന്നലെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ഇനി ഒരു തീരുമാനം ഉണ്ടാകില്ലേ എന്ന്. ഇനി എന്തു തീരുമാനിക്കാനാണ്. അതെല്ലാം തീരുമാനിച്ച് കഴിഞ്ഞതല്ലേ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനല്ലേ ഏറ്റെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ അത്രയൊന്നും പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിയായി കഴിഞ്ഞാല്‍ മറുപടി എങ്ങനെയാണ് വരിക എന്ന് അറിയില്ലായിരുന്നു. കേരളത്തിലെ ഓരോ ആളുകളും ആഗ്രഹിച്ച നല്ലൊരു മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ കൂടെ നില്‍ക്കുന്ന മുഖ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി എന്ന് ചിന്തിക്കുമ്പോള്‍ മനസില്‍ ഒരു ചിത്രം ഉണ്ടായിരുന്നു.ഇത്രയും നാള്‍ അവഗണനയായിരുന്നല്ലോ. കൂടെയുണ്ട് കൂടെയുണ്ട് എന്ന് കുറെക്കാലം പറഞ്ഞു.കൂടെയുണ്ട് എന്ന് പറയാതെ കൂടെ നിന്നതാണ് പുതിയ ആരോഗ്യമന്ത്രി മുരളീധരന്‍. അപ്പോള്‍ തന്നെ ജോലി ഓര്‍ഡര്‍ അടിച്ച് തന്നു. ആവശ്യം പറയുന്നതിന് മുന്‍പ് തന്നെ ജോലി കണ്ടറിഞ്ഞ് തന്നു. സര്‍ക്കാരിനോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. തുടര്‍ചികിത്സ മുഖ്യമന്ത്രി പേഴ്‌സണലായി ഏറ്റെടുത്തിട്ടുണ്ട്. അത് ഞാന്‍ ഏറ്റെടുത്തതാണ് എന്നാണ് ഇന്നലെ പറഞ്ഞത്. സര്‍ക്കാരിന്റെ ഒന്നും വേണ്ട. നഷ്ടപരിഹാരത്തില്‍ നിന്ന് ഒരു രൂപ പോലും ചികിത്സയ്ക്ക് ചെലവാക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്’- ഹര്‍ഷിന പറഞ്ഞു.





