ന്യൂഡൽഹി ∙ മകനു ‘നിശ്ചലജീവിതത്തിൽ’നിന്നു മോചനം അനുവദിക്കണമെന്ന അച്ഛന്റെ പ്രാർഥന സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ മുന്നിൽ നിന്നതു മലയാളി അഭിഭാഷക രശ്മി നന്ദകുമാർ. കോടതി ദയാമരണം അനുവദിച്ച ഹരീഷ് റാണെയുടെ പിതാവിനു വേണ്ടി ഹാജരായ രശ്മി നടത്തിയ ഇടപെടലുകൾ നിർണായകമായി.
അഭിഭാഷകയെന്ന നിലയിൽ വാദങ്ങൾ അവതരിപ്പിച്ചതിനപ്പുറം, അവരുടെ വീട്ടിൽ പലകുറി പോയി, ഹരീഷിനെ നേരിൽക്കണ്ടും രക്ഷിതാക്കളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയും ദയാമരണം നടപ്പാക്കുന്നതിനുള്ള തടസ്സങ്ങൾ മറികടക്കാൻ രശ്മി ഒപ്പംനിന്നു.
ദയാവധം നിയമവിധേയമാക്കിയ കോമൺ കോസ് വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ ഉത്തരവ് കൂടുതൽ ലളിതമാക്കാൻ 2023 ൽ മുന്നിൽ നിന്നയാളാണ് രശ്മി. ദയാവധത്തിന്റെ നടപടിക്രമം ലളിതമാക്കണമെന്നായിരുന്നു അന്ന് രശ്മി വാദിച്ചത്. ഈ പശ്ചാത്തലമാണ് ഹരീഷിന്റെ രക്ഷിതാക്കളെ രശ്മിയുടെ അടുക്കലേക്ക് എത്തിച്ചത്.
ഹരീഷിന്റെ ദയാവധ ആവശ്യവുമായി അവർ നേരത്തെ ഡൽഹി ഹൈക്കോടതിയേയും സുപ്രീം കോടതിയെ സമീപിച്ചിരുന്നതാണ്. ഹരീഷിന്റെ സാഹചര്യം വിവരിച്ച് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിക്കൊപ്പം സംയുക്തമായി റിപ്പോർട്ട് നൽകാൻ രശ്മിയോടു നിർദേശിച്ച ബെഞ്ച്, ഒരു ഘട്ടത്തിൽ രക്ഷിതാക്കളെ നേരിട്ടു കണ്ട് സംസാരിച്ചു. ഇന്നലെ കോടതി വിധി പറഞ്ഞ ശേഷവും രശ്മി ഹരീഷിന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചു.
കൊല്ലം സ്വദേശിനിയായ രശ്മി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും നാഷനൽ ഡയറി ഡെവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമായിരുന്ന ടി. നന്ദകുമാറിന്റെയും രമയുടെയും മകളാണ്. കൊൽക്കട്ട എൻയുജെഎസിൽ നിന്ന് നിയമ ബിരുദം നേടിയ രശ്മി, 2008 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകയാണ്.
∙ എന്താണ് കേസ്?
2013 ഓഗസ്റ്റിൽ പഞ്ചാബ് സർവകലാശാലയിൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ, താമസിച്ചിരുന്ന വാടക കെട്ടിടത്തിൽനിന്നു വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്നു മുതൽ കിടപ്പിലാണ്. ശരീരം അനക്കാൻ പോലും കഴിയാത്ത വിധം 100% വൈകല്യം ബാധിച്ചു. ശുശ്രൂഷയ്ക്ക് ഒരാളെ പോലും വയ്ക്കാതെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം ഹരീഷിനെ പരിപാലിച്ചു. എന്നാൽ, സാമ്പത്തിക പരാധീനതയും മകൻ അനുഭവിക്കുന്ന ദൈന്യതയുമാണ് ദയാമരണം തേടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.
ആവശ്യം ആദ്യം ഹൈക്കോടതി തള്ളി. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും എല്ലാ സഹായവും ചെയ്തു നൽകാൻ സർക്കാരിനോട് നിർദേശിച്ചു കേസ് തീർപ്പാക്കി. സ്ഥിതി വീണ്ടും ദുരിതപൂർണമായ ഘട്ടത്തിലാണു പിതാവ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. അതീവ ഗുരുതര രോഗങ്ങളുള്ളവരെ മറ്റു ചികിത്സാമാർഗങ്ങളൊന്നുമില്ലാത്ത അവസ്ഥയിൽ മരിക്കാൻ അനുവദിക്കുന്നതാണ് ദയാവധം (ദയാമരണം).
യുത്തനേസ്യ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം ‘നല്ല മരണം’ എന്നാണ്. ജീവച്ഛവമായ രോഗികളെ ചികിത്സയും ജീവൻരക്ഷാഉപകരണങ്ങളും പിൻവലിച്ചു മരണത്തിലേക്ക് വിടുക (Passive Euthanasia), ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും കുത്തിവയ്പും മറ്റും ഉപയോഗിച്ചും മരണം നടപ്പാക്കുക (Active Euthanasia), ഡോക്ടറുടെ സഹായത്തോടെ സ്വയം മരണം വരിക്കുക (Physician Aided Suicide) തുടങ്ങിയവയാണ് വിവിധ ദയാമരണ രീതികൾ.
ഹരീഷിന്റെ കുടുംബം അനുഭവിക്കുന്ന വൈകാരിക ഭാരം മനസ്സിലാക്കുന്നതായി സുപ്രീംകോടതി പറഞ്ഞു. നിങ്ങൾ മകനെ ഉപേക്ഷിക്കുകയല്ല. അന്തസ്സോടെ മടങ്ങാൻ അവനെ അനുവദിക്കുകയാണ്. അവനോടുള്ള നിസ്വാർഥ സ്നേഹത്തിന്റെ ആഴമാണ് ഇതിൽ വെളിവാക്കുന്നതെന്നും കോടതി പറഞ്ഞു.







