വയറ്റിനുള്ളിൽ തുണിയും പഞ്ഞിയുംവച്ച് തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

Spread the love

കഴക്കൂട്ടം ∙ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തിൽ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ.പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്ണേന്ദുവിൽ ഷീബ പ്രമോദ് (47) ഇതു സംബന്ധിച്ച പരാതി കഴക്കൂട്ടം പൊലീസിനും മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നൽകിയതിനു പിന്നാലെയാണു നടപടി.

 

വയറുവേദനയെ തുടർന്നു കഴിഞ്ഞ ഡിസംബർ 3നാണ് ഷീബ ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടർ അറിയിച്ചു. തുടർന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബർ 12ന് വീട്ടിലേക്കു മടങ്ങി. പിന്നീടു പലതവണ ഇതേ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്തെങ്കിലും വയറിൽ വേദന അനുഭവപ്പെടുകയും തുന്നിച്ചേർത്ത സ്ഥലത്തു മുറിവിന്റെ ഒരു ഭാഗം പഴുക്കുകയും ചെയ്തു. തുടർന്നും ഇതേ ആശുപത്രിയിൽ എത്തിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അവധിയിലാണെന്നും മറ്റൊരു ഡോക്ടർ പരിശോധിച്ച ശേഷം ‘കുഴപ്പമില്ല’ എന്ന മറുപടിയാണു നൽകിയതെന്നും ഷീബ പറഞ്ഞു. മുറിവുണങ്ങാൻ ചില മരുന്നുകളും നൽകി.

 

വേദന കുറയാഞ്ഞതോടെ ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു വശത്തു കൂടി നൂൽ പുറത്തുവന്നതായി കണ്ടെത്തി. വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ തുണിയും പഞ്ഞിയുടെ ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതോടെ വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും ഫെബ്രുവരി 4നു വീണ്ടും ശസ്ത്രക്രിയ നടത്തി തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങൾ പുറത്തെടുത്തെന്നും ഷീബ പ്രമോദ് പറയുന്നു.

 

കഴക്കൂട്ടത്തു നടത്തിയ ആദ്യ ശസ്ത്രക്രിയയ്ക്കു തന്നെ 1.20 ലക്ഷം രൂപ ചെലവായി. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ നടത്തിയതിനു 18,000 രൂപയിൽ കൂടുതലും ചെലവായെന്നു ഷീബ പ്രമോദ് പറയുന്നു. 3 മാസത്തോളം വേദന അനുഭവിച്ചെന്നും സംഭവത്തിൽ മാനസികമായി ഏറെ പ്രയാസം നേരിട്ടെന്നും ഷീബ പ്രമോദ് പറയുന്നു.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *