‘പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്നു വിളിച്ചു’; ഡോക്ടറുടെ കൊടുംക്രൂരത

Spread the love

തിരുവനന്തപുരം∙ ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകൾ വെളിപ്പെടുത്തി യുവതി. ഡോ.ബിന്ദു സിസേറിയന്‍ നടത്തിയപ്പോഴാണ് തനിക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നു നെടുമങ്ങാട് സ്വദേശി ഹസ്ന ഫാത്തിമ (23) പറ‍ഞ്ഞു.

 

ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കിയപ്പോൾ മലാശയം കൂടി മുറിഞ്ഞു. പ്രസവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന മാറാത്തതിനാൽ വീണ്ടും ആശുപത്രിയിലെത്തി. വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോ.ബിന്ദു അഹങ്കാരി എന്നു വിളിച്ചു. 2,000 രൂപ കൈക്കൂലി കൊടുത്തപ്പോഴാണ് മുറിവിൽ മരുന്നു വച്ചത്. മലാശയം മുറിഞ്ഞതിനെ തുടർന്ന് 5 ശസ്ത്രക്രിയ നടത്തേണ്ടിവന്നു.

 

2025 ജൂൺ 19നായിരുന്നു പ്രസവം. മലാശയം 2.7 സെന്റീമീറ്റർ മുറിഞ്ഞു. യാത്ര ചെയ്തതിനാലാണ് മുറിവുണ്ടായതെന്നാണ് ഡോ. ബിന്ദു പറ‍ഞ്ഞത്. ഒടുവിൽ ഗുരുതരാവസ്ഥയിലായപ്പോൾ മെഡിക്കൽ കോളജിലേക്കു വിട്ടു. അവിടെ മാത്രം 6 ലക്ഷം ചെലവായി. ചികിത്സയ്ക്കായി ഭർത്താവിന്റെ ഓട്ടോ വിറ്റു, ലോണെടുത്തു. ശരീരത്തിനു പുറത്തുപിടിപ്പിച്ച ബാഗിലൂടെയാണ് ഇപ്പോൾ മലവിസർ‌ജനം. മകനെ ഒന്നെടുക്കാൻ പോലും കഴിയില്ല. മകന്റെ നൂലുകെട്ടും കാണാനായില്ല. ഹസ്നയുടെ പരാതിയിൽ ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ല. അതിനിടെയാണ്, പ്രസവത്തിനിടെ വിതുര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ച കേസിൽ ഡോ. ബിന്ദു സസ്പെൻഷനിലായത്.

 

∙ കടന്നുപോയത് കഠിനവേദനയുടെ ദിനങ്ങൾ

 

ശസ്ത്രക്രിയയ്ക്കു വിധേയയായതോടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്കു പോകാന്‍ തുടങ്ങി അതീവ ദുരിതാവസ്ഥയിലായി. ഇതിനു പരിഹാരമായി ‘സ്റ്റോമ ബാഗ്’ വയറിനു പുറത്ത് ഘടിപ്പിച്ച് വിസർജ്യവസ്തുക്കൾ പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. ജൂലൈ 30ന് സ്റ്റോമ ബാഗ് ശരീരത്തിൽ ഘടിപ്പിച്ചു. എന്നിട്ടും ജനനേന്ദ്രിയത്തിൽ കൂടി വിസർജ്യം പുറത്തുവരുന്നതു തുടർന്നു. കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി.

 

സിസേറിയൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റി 3 ദിവസം കഴിഞ്ഞപ്പോഴാണു തുന്നൽ ഇട്ട ഭാഗത്തു കൂടിയാണ് വിസർജ്യം പോകുന്നതെന്നു തിരിച്ചറിയുന്നത്. മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ, മുറിവ് ഉണങ്ങിയില്ല. പത്താം നാൾ ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തിയപ്പോഴും സ്ഥിതി തുടർന്നു. ഒപ്പം കടുത്ത വേദനയും.

 

ഒരാഴ്ച കഴിഞ്ഞു ഡോക്ടറെ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ജൂലൈ 14ന് ഡോക്ടർ തന്നെ ആംബുലൻസ് വിളിച്ച് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടർന്നാണ് സ്റ്റോമ ബാഗ് ഘടിപ്പിച്ചത്. സിസേറിയൻ സമയത്തു ജനനേന്ദ്രിയത്തിന്റെ ഭാഗത്തുണ്ടാക്കിയ മുറിവു ഭേദമായാൽ അതുവഴി വിസർജ്യം പുറത്തു വരുന്നതു നിലയ്ക്കും. എന്നിട്ട് ബാഗ് മാറ്റുമ്പോൾ വിസർജ്യം സാധാരണരീതിയിൽ പുറത്തുപോകേണ്ടതാണ്. അതിനായി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഒക്ടോബർ 22നു യുവതിക്ക് പ്ലാസ്റ്റിക് സർജറി നടത്തി. എന്നാൽ അതു ഫലം ചെയ്തില്ല. തുടർന്ന് കുടലിന്റെ കൂടുതൽ ഭാഗം ശരീരത്തിന് പുറത്തു വയ്ക്കാനുള്ള ശസ്ത്രക്രിയ നവംബർ 5ന് ചെയ്തു. 11നു വീട്ടിൽ എത്തിയിട്ടും വേദന കുറഞ്ഞില്ല. ഡിസംബർ 6നു വീണ്ടും അഡ്മിറ്റ് ആയി. 23 വരെ ആശുപത്രിയിൽ തുടർന്നെങ്കിലും പരിഹാരമായില്ല.

 

ജനനേന്ദ്രിയഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും അതിനു 3 മാസം കാത്തിരിക്കണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതുവരെ വേദന സഹിക്കണമെന്നും പറഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വയറിന്റെ ഇടതു ഭാഗത്ത് കൂടി പഴുപ്പ് ഒലിക്കാൻ തുടങ്ങി.

 

അസഹ്യമായ വേദന കാരണം യുവതി കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് സ്റ്റോമ ബാഗിന്റെ സ്ഥാനം മാറ്റി. ഇനിയും ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കു പണമില്ലാതെ വലയുകയാണ് യുവതിയുടെ കുടുംബം.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *