കഴുത്ത് മുറിച്ച് 40കാരിയുടെ അർധനഗ്ന മൃതദേഹം; പ്രതിയായ പുരോഹിതന് വധശിക്ഷ: ഒടുവിൽ സത്യം വെളിപ്പെടുത്തി ആ ഏറ്റുപറച്ചിൽ

Spread the love

1966 ജൂൺ 16. പത്തനംതി‌ട്ട ജില്ലയിലെ റാന്നി മന്ദമരുതിയിൽനിന്ന് കണ്ണംപള്ളി, നാറാണംമൂഴി പ്രദേശങ്ങളിലേക്കുള്ള റോഡ്. അവിടെനിന്നു മാടത്തരുവിയിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ അരികിലായി ചാവുംമണ്ണിൽ തൊമ്മി തോമസിന്റെ തേയിലത്തോട്ടം. തട്ടുതട്ടായി കിടക്കുന്ന ഭൂമി. ഒരാൾപ്പൊക്കത്തിൽ തേയിലച്ചെടികൾ വളർന്നു നിൽക്കുന്നു. അവിടിവിടെയായി ഒന്നു രണ്ടു വീടുകളുണ്ട്.

 

,അന്നും ആ സ്ത്രീകൾ കൊളുന്തു നുള്ളാനായി തോട്ടത്തിലെത്തി. തോട്ടത്തിലേക്കുള്ള നടവഴിയുടെ ഒത്തനടുക്ക് പകുതി മൂടിയിട്ട ഒരു മൃതദേഹം. ഒറ്റ നോട്ടത്തിൽ അതൊരു സ്ത്രീയുടെ മൃതദേഹമാണെന്നു വ്യക്തം. അതിന്റെ നെഞ്ചിലും വയറിലും ആഴത്തിൽ മുറിവുകൾ. ഇടതുചെവി മുതൽ വലതുചെവി വരെ കഴുത്ത് മുറിച്ചിട്ടുണ്ട്. മുഖത്തിന്റെ ഇടതുവശം ഇടിച്ചു ചതച്ച നിലയിലായിരുന്നു. മൃതദേഹത്തിലെ വസ്ത്രങ്ങൾ സ്ഥാനം മാറി അർധനഗ്നമായിരുന്നു. കാലുകൾ ഒരു ബെഡ്‌ഷീറ്റ് കൊണ്ട് മൂടിയ നിലയിലും. ആരാണ് മരിച്ചുകിടക്കുന്ന ആ സ്ത്രീ? എങ്ങനെ മൃതദേഹം തേയിലത്തോട്ടത്തിലെത്തി. അന്വേഷണം അവസാനിച്ചത് ചങ്ങനാശേരി അതിരൂപതയിലെ ഒരു പുരോഹിതനിലായിരുന്നു.

 

∙ ആ കരച്ചിൽ കാര്യമാക്കിയില്ല, പക്ഷേ, രാവിലെ കണ്ട കാഴ്ച

 

തേയില നുള്ളാനെത്തിയ ഒരു സ്ത്രീയുടെ അലർച്ച കേട്ടാണ് കൂടെയുള്ളവർ അങ്ങോട്ട് ഓടിയെത്തിയത്. അഞ്ചടി ഉയരവും ഒത്തവണ്ണവും ഇരുനിറവുമുള്ള സ്‌ത്രീയുടെ മൃതദേഹമായിരുന്നു അവിടെയുണ്ടായിരുന്നത്. വട്ടമുഖം. ഞൊറിയിട്ടുടുത്ത വെള്ളമുണ്ടും ചട്ടയും കസവുകരയുള്ള കുട്ടിക്കവിണിയുമായിരുന്നു അവരുടെ വേഷം. അത് ശരീരത്തിൽനിന്നു മാറിക്കിടക്കുകയായിരുന്നു. അരയ്ക്കു താഴേക്ക് ബെഡ്‌ഷീറ്റ് പുതപ്പിച്ചിരുന്നു. കഴുത്തിൽ സ്വർണമാലയും, മുത്തുമാലയും താലിമാലയും ഉണ്ടായിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളജിന്റെ മുദ്രയുള്ള പരീക്ഷക്കടലാസിൽ പൊതിഞ്ഞ നിലയിൽ 70 രൂപ, രണ്ടുരൂപയ്‌ക്കുള്ള ചില്ലറ നാണയങ്ങൾ, രണ്ടു ബാറ്ററിയുള്ള ഒരു ടോർച്ച് എന്നിവ സമീപത്തുണ്ടായിരുന്നു.

 

നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉച്ചയോടെ പൊലീസ് സംഘമെത്തി. മൃതദേഹത്തിൽ ആഭരണങ്ങളും സമീപം പണവും ഉണ്ടായിരുന്നതിനാൽ മോഷണമല്ല കൊലപാതകമാണ് ലക്ഷ്യമെന്ന നിഗമനത്തിലായിരുന്നു റാന്നി പൊലീസ്. പക്ഷേ, കൊല്ലപ്പെട്ടതാരാണെന്നു കണ്ടെത്താനാകാത്തത് െപാലീസിനെ കുഴപ്പിച്ചു. അപ്പോഴാണ് മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 150 മീറ്റർ മാത്രം അകലെയുള്ള വീട്ടിലെ താമസക്കാരൻ ഒരു വിവരം നൽകിയത്. തലേദിവസം രാത്രി തോട്ടത്തിൽനിന്ന്, ‘എന്റെ ദൈവമേ എന്നെ കൊല്ലരുതേ’ എന്ന് ഒരു സ്ത്രീ കരയുന്നതു കേട്ടെന്നും ‘ആരാണ്’ എന്നു വിളിച്ചുചോദിച്ചെങ്കിലും പിന്നെ ശബ്ദമൊന്നും കേട്ടില്ലെന്നും അയൽവീട്ടിലെ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിട്ടതാകാമെന്നാണ് കരുതിയതെന്നുമാണ് അയാൾ പറഞ്ഞത്.

 

അവിടെയുണ്ടായിരുന്നവരുടെ മൊഴിയെടുത്ത ശേഷം പൊലീസ് പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചു. കഴുത്തിലും നെഞ്ചിലും വയറിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അവകാശികളൊന്നും വരാതിരുന്നതിനാൽ പൊലീസ് മൃതദേഹം സംസ്കരിച്ചു. ആ തേയിലത്തോട്ടത്തിൽ തന്നെയായിരുന്നു സംസ്കാരം. പിന്നീട് മലയാള മനോരമ പത്രത്തിൽ അതിനെപ്പറ്റി വന്ന വാർത്തകണ്ട് ആലപ്പുഴ സ്വദേശിയായ ഒരു വയോധികയും കൊച്ചുമകളും റാന്നി പൊലീസ് സ്റ്റേഷനിലെത്തി. തന്റെ മകളാണ് മരിച്ചതെന്നു സംശയമുണ്ടെന്ന് സ്റ്റേഷനിലെത്തിയ മറിയാമ്മ പറഞ്ഞു. പൊലീസ് കാണിച്ചുകൊടുത്ത വസ്ത്രങ്ങളും ആഭരണവും കണ്ട് ആ അമ്മ തിരിച്ചറിഞ്ഞു– മരിച്ചത് തന്റെ മകൾ നാല്‍പത്തിമൂന്നുകാരി മറിയക്കുട്ടി.

 

∙ പോയത് ഫാ.ബെനഡിക്ടിനെ കാണാൻ

 

ചങ്ങനാശേരിയിൽനിന്ന് ആലപ്പുഴയ്‌ക്ക് മാറിത്താമസിച്ച ഉപ്പായിയുടെയും മറിയാമ്മയുടെയും എട്ടു മക്കളിൽ രണ്ടാമത്തെ ആളായിരുന്നു മറിയക്കുട്ടി. സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബത്തിലെ അംഗം. അഞ്ചു മക്കളുണ്ടായിരുന്ന മറിയക്കുട്ടി വിധവയായിരുന്നു. മൂന്നു തവണ അവർ വിവാഹം കഴിച്ചു. മൂന്നാമത്തെ ഭർത്താവിനു തളർവാതം പിടിപെട്ടു ഗുരുതരാവസ്‌ഥയിലായപ്പോൾ അദ്ദേഹത്തെ ഉപേക്ഷിച്ചു മക്കളുമായി അമ്മയ്‌ക്കൊപ്പം ആലപ്പുഴയിലെ അവലുക്കുന്നിൽ താമസിക്കുകയായിരുന്നു. പിന്നീട് മൂന്നാമത്തെ ഭർത്താവും മരിച്ചു. മൂത്ത മകൾക്ക് ഇരുപത് വയസ്സായിരുന്നു പ്രായം. ഇളയമകന് ഒന്നര വയസ്സും.

 

അന്നു തന്നെ തിരിച്ചു വരുമെന്നു പറഞ്ഞ് ഇളയകുട്ടിയെ മകളെ ഏൽപിച്ചാണ് 1966 ജൂൺ 15ന് ഉച്ചയ്‌ക്ക് മറിയക്കുട്ടി ആലപ്പുഴയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. ചങ്ങനാശേരിയിലുള്ള ഫാ. ബനഡിക്‌ട് ഓണംകുളത്തെ കാണാനാണ് മറിയക്കുട്ടി പോയതെന്നാണ് വീട്ടുകാർ പൊലീസിനോടു പറഞ്ഞത്. മരിച്ചതു മറിയക്കുട്ടിയാണെന്നു തീർച്ചപ്പെടുത്തിയ പൊലീസ് സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും വച്ച് ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ബനഡിക്‌ടിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിനൊടുവിൽ അച്ചൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ഫാ.ബനഡിക്ടിനെ അറസ്റ്റും ചെയ്തു.

 

പണം ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയ മറിയക്കുട്ടിയെ അനുനയിപ്പിച്ച് മന്ദമരുതിക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് അച്ചൻ സമ്മതിച്ചെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അടുത്ത ദിവസം രാവിലെ 10 മണിക്ക് കൊല്ലം സബ്. മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി അച്ചനെ കസ്റ്റഡിയിൽവിട്ടു. ഡിവൈഎസ്പിയും സംഘവും അച്ചനെ മന്ദമരുതിയിൽ കൊണ്ടുപോയി തെളിവെടുപ്പും നടത്തി. അച്ചൻ ചൂണ്ടിക്കാണിച്ച സ്‌ഥലത്തുനിന്ന് കൊലയ്‌ക്കുപയോഗിച്ച കത്തി കണ്ടെടുത്തു. അനാഥാലയത്തിലെ മുറിയിൽനിന്ന് ചോരക്കറയുള്ള വസ്‌ത്രങ്ങളും നീല പ്ലാസ്‌റ്റിക് ബാഗും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

 

∙ തല്ലിച്ചതച്ചെന്ന് അച്ചൻ, ആരാണ് മറിയക്കുട്ടിയെ കൊന്നത്?

 

രാവിലെ കൊല്ലം സബ്. മജിസ്‌ട്രേട്ടിനോട്, തനിക്ക് പൊലീസിനെക്കുറിച്ച് ഒരു പരാതിയുമില്ലെന്നു പറഞ്ഞ അച്ചൻ അന്നുതന്നെ 12.30ന് പത്തനംതിട്ട മജിസ്‌ട്രേട്ടിനോടു പറഞ്ഞത് മറിച്ചാണ്– തന്നെ തല്ലിച്ചതച്ചാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചത്. അപ്പോൾ അച്ചനല്ലേ യഥാർഥ പ്രതി? പിന്നെ ആരാണ് മറിയക്കുട്ടിയെ കൊന്നത്? എന്തിനാണ് പൊലീസ് അച്ചനെ അറസ്റ്റ് ചെയ്തത്? നാട്ടുകാരുടെ സംശയങ്ങൾ പലതായിരുന്നു. ഇതിനിടയിൽ, പാവപ്പെട്ട ഒരു വൈദികനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന പ്രചാരണവും ശക്തമായി. ഇതേസമയത്ത്, മണിമലേത്ത് അച്ചായൻ എന്നറിയപ്പെടുന്ന പൗലോസ് ആണ് കൊലയാളിയെന്നും മൃതദേഹത്തിൽ കണ്ട ബെഡ്‌ഷീറ്റ് അയാളുടെ മകൾ അച്ചുകുട്ടിയുടേതാണെന്നും പറഞ്ഞ് ബനഡിക്‌ട് അച്ചന്റെ സഹോദരൻ ഗവർണർക്ക് ഒരു പരാതി നൽകിയിരുന്നു. പൗലോസിന്റെ മകൻ ബേബി, അച്ചനെ അറസ്‌റ്റ് ചെയ്‌ത പൊലീസുകാരെ അനുമോദിച്ചുകൊണ്ട് യോഗങ്ങൾ സംഘടിപ്പിച്ചതായും ആ പരാതിയിലുണ്ടായിരുന്നു.

 

ജൂൺ 15നു രാത്രി ഫാ.ബെനഡിക്ട് മറിയക്കുട്ടിയെ സംഭവസ്ഥലത്തെത്തിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തുറസ്സായ സ്ഥലത്തുവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നു പറഞ്ഞാണ് അച്ചൻ മറിയക്കുട്ടിയെ സ്ഥലത്ത് എത്തിച്ചതെന്നും മറിയക്കുട്ടിയുടെ ഇളയമകൻ ജോയിയുടെ പിതാവ് അച്ചനാണെന്നും അത് പുറത്തറിയുമെന്ന പേടിയിലാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

 

∙ ജോയി അച്ചന്റെ മകൻ, പുറത്തു പറയുമെന്ന് പേടി

 

പ്രോസിക്യൂഷൻ കോടതിയിൽ കൊടുത്ത തെളിവുകൾ ഇങ്ങനെയായിരുന്നു. ഫാ. ബെനഡിക്ട് ആലപ്പുഴയിലെ ചക്കരക്കടവ് പള്ളിയിലെ വികാരിയായിരിക്കെ പാവപ്പെട്ടവർക്ക് പാൽപൊടിയും ഗോതമ്പും നൽകുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. അതു വാങ്ങാൻ പള്ളിയിൽ എത്തിയപ്പോഴാണ് മറിയക്കുട്ടി അച്ചനെ പരിചയപ്പെട്ടത്. ആ അടുപ്പം ശാരീരികബന്ധത്തിലെത്തി. പിന്നാലെ മറിയക്കുട്ടി ഗർഭിണിയായി, ജോയിയെ പ്രസവിച്ചു. അതിനു ശേഷം അച്ചൻ ചങ്ങനാശേരിയിലേക്കു മാറ്റം കിട്ടി പോയി. ഇടയ്ക്കിടയ്ക്ക് അച്ചനെ കാണാനെത്തിയിരുന്ന മറിയക്കുട്ടി പണവും വാങ്ങിയിരുന്നു. ഈ പണം കൊണ്ട് സ്വർണാഭരണങ്ങളും മറ്റും വാങ്ങി. സന്ദർശനങ്ങളും പണം വാങ്ങലും പതിവായപ്പോൾ, ജോയ് തന്റെ മകനാണെന്നത് മറിയക്കുട്ടി മറ്റാരോടെങ്കിലും പറയുമോ എന്ന് അച്ചൻ ഭയന്നു. അങ്ങനെ മറിയക്കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

 

കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ 42 സാക്ഷികളെയാണ് വിസ്‌തരിച്ചത്. മറിയക്കുട്ടിയുടെ മൂന്നാമത്തെ ഭർത്താവ് കിടപ്പിലായ സമയത്താണ് ജോയി ഉണ്ടായതെന്നും അയാൾ ആ കുട്ടിയുടെ അച്ഛനാകാൻ യാതൊരു സാധ്യതയുമില്ലെന്നും മറിയക്കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നൽകി. മകന്റെ ജനനത്തിനു മുൻപു വരെ മറിയക്കുട്ടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും എന്നാൽ പിന്നീട് അതു മാറിയെന്നും സമീപത്തുള്ള കടക്കാരനും മൊഴി നൽകി.

 

ജൂൺ 15ന് രാത്രി 10 മണിയോടുടുത്ത സമയത്ത് തിരുവല്ലയിൽനിന്ന് മന്ദമരുതിക്കു പോകാൻ ഫാ.ബെനഡിക്ട് തന്നെ സമീപിച്ചുവെന്നും അദ്ദേഹത്തിെനാപ്പം ചട്ടയും മുണ്ടും നേര്യതും ധരിച്ച ഒരു സ്‌ത്രീയും ഉണ്ടായിരുന്നുവെന്നും ഒരു സാക്ഷി കോടതിയിൽ പറഞ്ഞു. അച്ചനും ഒരു ക്രിസ്ത്യാനി സ്ത്രീയും മാടത്തരുവി ഭാഗത്തേക്കു നടന്നു പോകുന്നതു കണ്ടു എന്നതായിരുന്നു അടുത്ത മൊഴി. അച്ചനെ മന്ദമരുതിക്കു സമീപം കണ്ടതായി പലരും കോടതിയിൽ മൊഴി നൽകി. എന്നാൽ തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഫാ.ബെനഡിക്ട് കോടതിയിൽ പറഞ്ഞത്. മറിയക്കുട്ടിയെ അറിയില്ല, മരിച്ചതുമറിയില്ല. മന്ദമരുതിയിൽ പോയിട്ടുമില്ല. ജൂൺ 15ന് രാത്രി പതിവുപോലെ മെത്രാനരമനയിൽനിന്ന് ഊണു കഴിച്ച് 10.30ന് ഉറങ്ങിയെന്നും കൊലപാതകത്തെക്കുറിച്ച് പത്രത്തിൽ വായിച്ച അറിവു മാത്രമേ ഉള്ളൂവെന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു ക്രൂരമായി മർദിച്ചെന്നും അച്ചൻ പറഞ്ഞു.

 

കേസിൽ നവംബർ 18ന് വിധി പ്രസ്‌താവിച്ചു. സാക്ഷിമൊഴികൾ വിശ്വാസയോഗ്യമാണെന്നും, മറിയക്കുട്ടിയെ മന്ദമരുതിയിൽ കൊണ്ടുപോയി കുത്തിയും കഴുത്തുമുറിച്ചും കൊലപ്പെടുത്തിയത് ഫാ. ബനഡിക്ട് ആണെന്നു വ്യക്തമാണെന്നും പറഞ്ഞ ജഡ്‌ജി കുഞ്ഞിരാമൻ വൈദ്യർ, പ്രതിക്ക് അഞ്ചു വർഷത്തെ കഠിനതടവും വധശിക്ഷയും വിധിച്ചു. അന്നു തന്നെ അച്ചനെ തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കി. വിധിക്കെതിരെ ഫാ.ബനഡിക്‌ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ, ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് പി.ടി.രാമൻനായർ, ജസ്‌റ്റിസ് വി.പി.ഗോപാലൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 1967 മേയ് ഏഴിന് അച്ചനെ വെറുതെവിട്ടു. സംഭവവുമായി പ്രതിയെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും നൽകാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

മറിയക്കുട്ടിയുടെ അമ്മ മറിയാമ്മയും മകൾ ത്രേസ്യാമ്മയും പറഞ്ഞത് അവർ മറിയക്കുട്ടിയിൽനിന്ന് അറിഞ്ഞ കേട്ടുകേൾവികൾ മാത്രമാണെന്ന് കോടതി നീരീക്ഷിച്ചു. കൃത്യത്തിനു മുൻപ് മറിയക്കുട്ടിയോടൊപ്പവും അതിനു ശേഷം തനിച്ചും അച്ചനെ കണ്ടെന്നു പറഞ്ഞ സാക്ഷികളുടെ മൊഴി തൃപ്‌തികരമായി തോന്നിയില്ലെന്നും കത്തി കണ്ടെടുത്ത വിധം കൃത്രിമമായി തോന്നിയെന്നും കോടതി പറഞ്ഞു. ഒരാളുടെ കഴുത്തറുക്കാൻ വേണ്ട ബലം പോലീസ് ഹാജരാക്കിയ തൊണ്ടിക്കുണ്ടോ എന്ന് സംശയവും കോടതി പ്രകടിപ്പിച്ചു. തൊട്ടടുത്ത ദിവസം ഫാ. ബെനഡിക്ട് ജയിൽ മോചിതനായി.

 

∙ എല്ലാം അവസാനിപ്പിച്ചത് ആ ഏറ്റുപറച്ചിൽ

 

എന്നാൽ പക്ഷാഘാതം ബാധിച്ച് ഫാ. ബെനഡിക്ട് മുടിയൂർക്കര പ്രീസ്‌റ്റ് ഹോമിൽ കഴിയുന്ന സമയത്ത്, 2000 ജനുവരി 14-ാം തീയതി, കേസിൽ മറ്റൊരു വെളിപ്പെടുത്തലുണ്ടായി. ഗർഭഛിദ്രത്തിനിടെ മറിയക്കുട്ടി മരിക്കുകയായിരുന്നെന്നും ഗർഭത്തിന് ഉത്തരവാദി തോട്ടം ഉടമയായിരുന്നെന്നും ഗർഭഛിദ്രം നടത്തിയ ഡോക്‌ടറുടെ മക്കൾ അച്ചനെ സന്ദർശിച്ച് ഏറ്റു പറഞ്ഞു. ഡോക്‌ടറുടെ കുടുംബത്തിന് സംഭവത്തിനു ശേഷമുണ്ടായ തിരിച്ചടികളാണ് പിതാവിന്റെ കുറ്റം ഏറ്റുപറയാൻ മക്കളെ പ്രേരിപ്പിച്ചത്. കെ.കെ.തോമസ്, ചെറിയാൻ എന്നിവരാണ് അച്ചനെ അന്നു കാണാൻ വന്നത്. തുടർന്ന് ഇവരുടെ സഹോദരിമാരും അച്ചനെ സന്ദർശിച്ചു. ഡോക്‌ടറും തോട്ടം ഉടമയും മുൻപേ മരിച്ചിരുന്നു. വെളിപ്പെടുത്തലുണ്ടായിട്ടും അച്ചൻ ഇത് ആരോടും പറഞ്ഞില്ല. പിന്നീട് 11 മാസങ്ങൾക്കു ശേഷമാണ് മാധ്യമങ്ങളിലൂടെ സംഭവം പുറംലോകം അറിയുന്നത്. ഏതാനും ദിവസങ്ങൾക്കകം 2001 ജനുവരി മൂന്നിന് അച്ചൻ മരിച്ചു.

 

മറിയക്കുട്ടി വധത്തെ തുടർന്ന് മാധ്യമങ്ങളിൽ നാടിന്റെ പേരു നിറഞ്ഞപ്പോഴും മാടത്തരുവി കൊലക്കേസ്, മൈനത്തരുവി കൊലക്കേസ് എന്നീ പേരുകളിൽ സിനിമകൾ പുറത്തിറങ്ങിയപ്പോഴുമെല്ലാം മാടത്തരുവിക്കാർ ആഗ്രഹിച്ചത് സംഭവങ്ങളുടെ ചുരുളഴിയണമെന്നും യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നുമാണ്. എന്നാൽ, ഇന്നും ആ പ്രതി ആരെന്നോ കൊലപാതകം എങ്ങനെയാണ് നടത്തിയതെന്നോ ഉള്ള കാര്യങ്ങൾ അജ്‌ഞാതമായി തുടരുകയാണ്.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *