
ബെംഗളൂരു∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി ഫാം ഹൗസിൽ കുഴിച്ചിട്ട യുവാവ് അറസ്റ്റിൽ. എൻജിനീയറിങ് ബിരുദധാരിയായ പുനീത് ഗൗഡയാണ് (28) മാണ്ഡ്യയിൽ അറസ്റ്റിലായത്. പ്രീതി സുന്ദരേശാണ് കൊല്ലപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയിലായിരുന്നു കൊലപാതകം. തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
പ്രീതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പുനീത് തൊഴിൽരഹിതനാണ്. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രീതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളും ഫോൺകോൾ രേഖകളും പരിശോധിച്ചാണ് പുനീതിനെ അറസ്റ്റ് ചെയ്തത്.
ഹാസനടുത്തുള്ള സ്ഥലത്ത് സ്വകാര്യ നിമിഷങ്ങൾ ചെലവഴിച്ചശേഷം ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. പുനീതിന്റെ മർദനത്തിൽ പ്രീതി കൊല്ലപ്പെട്ടു. തുടർന്ന്, മൃതദേഹം കാറിൽ കയറ്റി ഫാം ഹൗസിൽ കുഴിച്ചിടുകയായിരുന്നു. ശാരീരിക ബന്ധം തുടരാൻ പ്രീതി പണം വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ചപ്പോഴാണ് തർക്കമുണ്ടായതെന്നും പുനീത് അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.