റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്ന ചില കേസുകളുമായി ബന്ധപ്പെട്ട്, ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ജാമ്യം എടുക്കുവാനോ ഫൈന്‍ അടക്കുവാനോ അന്നത്തെ സാഹചര്യത്തില്‍ തനിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ 02/12/2025 രാവിലെ 10 മണിയോടെ കല്‍പ്പറ്റ എം.എല്‍.എ ഓഫീസിന് സമീപത്തു വെച്ച് കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്നെ അറസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി നിയമപരമായി ഞാന്‍ ജാമ്യം നേടുകയും ചെയ്തായി പരാതിയിൽ പറയുന്നു.
എന്നാല്‍, തന്റെ അറസ്റ്റ് നടപടിയുടെ വീഡിയോ ദുരുപയോഗം ചെയ്ത് ”അവിനാശ് ജെ അവിനാശ്” എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് ”വയനാട് കൊള്ള, കോണ്‍ഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലിയെ പോലീസ് പൊക്കുന്നു” എന്ന വ്യാജവും അപകീര്‍ത്തികരവുമായ തലക്കെട്ടോടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുകയാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കുകയും പൊതുപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന എന്നെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനും, കോണ്‍ഗ്രസ് പാര്‍ട്ടിയെയും എന്നെയും മോശമായി ചിത്രീകരിക്കുന്നതിനുമുള്ള ദുഷ്‌പ്രേരിതമായ ശ്രമമാണിത്. ഇതുമൂലം എനിക്ക് വ്യക്തിഗതമായും സാമൂഹികമായും ഗുരുതരമായ മാനസിക പ്രയാസവും അപമാനവും നേരിടേണ്ടി വന്നിട്ടുണ്ട്.
ആയതിനാല്‍ പ്രസ്തുത ”അവിനാശ് ജെ അവിനാശ്” എന്ന ഐഡിയുടെ ഉടമയെയും ഈ വ്യാജവും അപകീര്‍ത്തികരവുമായ വീഡിയോ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്ത മറ്റ് വ്യക്തികളെയും കണ്ടെത്തി ഐ.ടി ആക്ട് ഉള്‍പ്പെടെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അടിയന്തിരവും കര്‍ശനവുമായ നടപടി സ്വീകരിക്കണമെന്നും, പ്രസ്തുത വീഡിയോ എല്ലാ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമുള്ള നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സാലി റാട്ടക്കൊല്ലി പരാതി നൽകിയിട്ടുള്ളത്.







