തിരുവനന്തപുരം: എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ 16 വരെയാണ് സമയപരിധി നീട്ടിയത്. ഫോമുകൾ തിരികെ നൽകാൻ ഡിസംബര്‍ 11 വരെയാണ് സമയമുള്ളത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കത്തയച്ചു. കമ്മീഷൻ്റെ ഫേസ്ബുക്ക് പേജിൽ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നും പ്രസിദ്ധീകരിക്കും. സമയപരിധി നീട്ടിയതോടെ ബിഎൽഒമാരുടെ ആശങ്കയ്ക്ക് ഒരുപരിധിവരെ പരിഹാരമാകും. ഫോം വിതരണത്തിന് ഒരാഴ്ച കൂടുതൽ സമയം ലഭിക്കും. ഫോം പൂരിപ്പിച്ചു നൽകുന്നതിന് വോട്ടര്‍മാര്‍ക്കും കൂടുതൽ സമയം ലഭിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എസ്ഐആർ നടപടികൾ വേഗത്തിൽ തീർക്കണമെന്ന സാഹചര്യത്തിൽ ജോലിഭാരം താങ്ങാനാവാതെ നിരവധി ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും. തീയതി നീട്ടാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ.
കഴിഞ്ഞ ദിവസം രാഷ്ട്രീയപാര്‍ട്ടികളെ വിളിച്ചുചേര്‍ത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിലും തീയതി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേരളം ഉൾപ്പെടെ നൽകിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ ഉത്തരവിറക്കുന്നത്.
നേരത്തെ നൽകിയ നിർദേശപ്രകാരം ഡിസംബര്‍ നാലായിരുന്നു ഫോം വിതരണം പൂര്‍ത്തിയാക്കാനുള്ള തീയതി. ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. ഒരാഴ്ച അധിക സമയമാണ് നിലവിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്.
നിലവിൽ പൂരിപ്പിച്ച എന്യൂമറേഷൻ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനം മാത്രമാണ്. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനുള്ളി ബാക്കി ഫോം തിരിച്ചുവാങ്ങി ഡിജിറ്റലൈസ് ചെയ്യുന്നത് അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ഉന്നയിച്ചിരുന്നു.







