തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയുടെ പരിഗണനക്ക് വരും. മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയെ ആണ് രാഹുല്‍ സമീപിച്ചിരിക്കുന്നത്. യുവതിയുമായുള്ള ലൈംഗിക ബന്ധം രാഹുല്‍ ശരിവെക്കുന്നുണ്ടെങ്കില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങള്‍ രാഹുല്‍ തള്ളുകയാണ്. ‘വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ഞാനല്ല, അവരുടെ ഭര്‍ത്താവാണ്. ഗര്‍ഭച്ഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത്’ എന്നുമാണ് രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് തടസ്സമില്ല. രാഹുല്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ പാലക്കാട് തന്നെ തുടരുന്നുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് രാഹുല്‍ പാലക്കാട് തുടരുന്നത് എന്നാണ് വിവരം.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുലിന്റെ മറ്റു വാദങ്ങള്‍ ഇവയാണ്…
പരാതിക്കുപിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. യുവതിയുടെ ഭര്‍ത്താവ് ബിജെപിയുടെ പ്രാദേശിക നേതാവാണ്. പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കാതെ തിരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിലും ദുരൂഹതയുണ്ട്
എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പരാതി നല്‍കിയില്ലെങ്കില്‍ സ്ഥാപനത്തില്‍ തുടരാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതായുള്ള യുവതിയുടെ ശബ്ദസന്ദേശം അടക്കം ഹാജരാക്കാന്‍ തയ്യാറാണ്
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കേസെടുത്തത്







