ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ പ്രമുഖ ജർമൻ ബാങ്ക്; ബിസിനസ് സ്വന്തമാക്കാൻ മത്സര രംഗത്ത് ഫെഡറൽ ബാങ്കും

Spread the love

പ്രമുഖ ജർമൻ ബാങ്കായ ഡോയിച് ഇന്ത്യയിലെ റീട്ടെയ്ൽ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നു. ബാങ്കിന്റെ രാജ്യാന്തര ബിസിനസ് പ്രവർത്തനങ്ങളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണിത്. ബാങ്കിനെ കൂടുതൽ ലാഭത്തിലേക്ക് ഉയർത്താനുള്ള സിഇഒ ക്രിസ്റ്റ്യൻ സിവിങ്ങിന്റെ പദ്ധതിയുടെ ഭാഗവുമാണ് ഇന്ത്യയിൽ നിന്നുള്ള പടിയിറക്കം.

 

ഇന്ത്യയിലെ ബാങ്കുകളുമായി വിപണിയിൽ പിടിച്ചുനിൽക്കാനാവാതെ നേരത്തേയും വിദേശ ബാങ്കുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 2022ലാണ് സിറ്റി ബാങ്ക് 100 ബില്യനിലേറെ മതിക്കുന്ന ഡീലുമായി ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ്, റീട്ടെയ്ൽ ബിസിനസുകൾ ആക്സിസ് ബാങ്കിന് വിറ്റഴിച്ചശേഷം പടിയിറങ്ങിയത്. സമാനപാതയിലേക്കാണ് ഇപ്പോൾ ഡോയിച് ബാങ്കിന്റെയും നീക്കം. കഴിഞ്ഞ 8 വർഷത്തിനിടെ ഡോയിച് ബാങ്ക് ഇതു രണ്ടാംതവണയാണ് ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ശ്രമിക്കുന്നതും.

 

അതേസമയം, ഡോയിച് ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസുകൾ സ്വന്തമാക്കാനുള്ള മത്സരവും മുറുകുകയാണെന്നാണ് റിപ്പോർട്ടുകൾ. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന് പുറമേ കൊട്ടക് മഹീന്ദ്ര ബാങ്കുമാണ് രംഗത്ത്. 3 ബാങ്കുകളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

ഇന്ത്യയിൽ 25,000 കോടി രൂപയുടെ ബിസിനസ് ഡോയിച് ബാങ്കിനുണ്ട്. ഡോയിച് ബാങ്ക് 2021ൽ ക്രെഡിറ്റ് കാർഡ് ബിസിനസുകൾ ഇൻഡസ്ഇൻഡ് ബാങ്കിന് വിറ്റഴിച്ചിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഈ വർഷാദ്യം മറ്റൊരു വിദേശ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ 3,300 കോടിയോളം രൂപ മതിക്കുന്ന പഴ്സനൽ വായ്പാ ആസ്തികളും ഏറ്റെടുത്തിരുന്നു.

 

ഡോയിച് ബാങ്കിന് യൂറോപ്പിന് പുറത്ത് നിലവിൽ റീട്ടെയ്ൽ ബിസിനസുള്ള ഏക രാജ്യമാണ് ഇന്ത്യ. 17 ശാഖകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ ഭൂരിഭാഗവും മിക്കവാറും പൂട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ത്യയിൽ ലാഭകരമായ പ്രവർത്തനം നടത്തുന്നതിനിടെയാണ് ഡോയിച് ബാങ്കിന്റെ പടിയിറക്കനീക്കമെന്നും ശ്രദ്ധേയമാണ്. 2024-25ൽ മുൻവർഷത്തെ 1,977 കോടി രൂപയിൽ നിന്ന് 3,070 കോടി രൂപയായി ലാഭം ഉയർന്നിരുന്നു. മൊത്ത വരുമാനം 11,234 കോടി രൂപയിൽ നിന്ന് 12,415 കോടി രൂപയിലേക്കും മെച്ചപ്പെട്ടു.

 

ഇന്ത്യയിലെ ബിസിനസ് വളർത്താൻ ഡോയിച് ബാങ്ക് വൻതോതിൽ മൂലധനനിക്ഷേപവും ഉയർത്തിയിരുന്നു. 2018-21 കാലയളവിൽ മാത്രം 3,946 കോടി രൂപ നിക്ഷേപിച്ചു. 2024ലെ നിക്ഷേപമാകട്ടെ 5,113 കോടി രൂപയും. ഈ വർഷം 32 ബില്യൻ യൂറോയാണ് ഡോയിച് ബാങ്ക് ആഗോളതല ബിസിനസിൽ നിന്ന് ലക്ഷ്യമിടുന്ന വരുമാനം. 2028ഓടെ ഇത് 37 ബില്യൻ യൂറോയിലേക്ക് ഉയർ‌ത്തുകയാണ് പ്രവർത്തന പുനഃസംഘടനയുടെ ലക്ഷ്യം.

 

നിലവിൽ ഫെഡറൽ ബാങ്കും കൊട്ടക് ബാങ്കും ഡോയിച് ബാങ്കിന്റെ ഇന്ത്യയിലെ പോർട്ട്ഫോളിയോകൾ വിലയിരുത്തുകയാണ്. ഇതിനനുസരിച്ചായിരിക്കും ഏറ്റെടുക്കൽ മൂല്യം സംബന്ധിച്ച് ധാരണയിലെത്തുക. ഡോയിച് ബാങ്കിന്റെ ആസ്തി സ്വന്തമാക്കാനായാൽ ഫെഡറൽ ബാങ്കിനും കൊട്ടക് ബാങ്കിനും അത് രാജ്യത്തെ റീട്ടെയ്ൽ ബാങ്കിങ് രംഗത്ത് വലിയ കരുത്താവും.

 

ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. എൻഎസ്ഇയിൽ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിയുള്ളത് 0.82% താഴ്ന്ന് 243.92 രൂപയിൽ. നിലവിൽ 59,905 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരിവില ഇന്നലെ സർവകാല ഉയരമായ 248.50 രൂപയിൽ എത്തിയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളും നേരിയ നഷ്ടത്തിലാണുള്ളത്. 0.06% താഴ്ന്ന് 2,104.50 രൂപയിൽ. ഈ വർഷം ഏപ്രിൽ 22ലെ 2,301.90 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും ഉയരം.

  • Related Posts

    ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

    Spread the love

    Spread the loveകൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും…

    വിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

    Spread the love

    Spread the loveമുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി…

    Leave a Reply

    Your email address will not be published. Required fields are marked *