ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ ശ്രീനഗറിൽ നൗഗാം മേഖലയിൽ ഒക്ടോബർ പകുതിയോടെ റോഡരികിൽ ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളായിരുന്നു ഇവ. ജനങ്ങൾ സുരക്ഷാ സേനയുമായി സഹകരിച്ചാൽ പ്രത്യാഘാതം നേരിടുമെന്നായിരുന്നു ഉർദുവിൽ എഴുതിയ പോസ്റ്ററിലെ മുന്നറിയിപ്പ്. ആരാണ് പോസ്റ്റർ ഒട്ടിച്ചത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസ് കരുതിയിരുന്നില്ല, രാജ്യമാകെ വലവിരിച്ച ഭീകര ശൃംഖലയ്ക്കു പിന്നാലെയുള്ള യാത്രയുടെ തുടക്കമാവും അതെന്ന്.
ഒക്ടോബർ 19നാണ് നൗഗാമിൽ ജയ്ഷെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അന്വേഷണത്തിൽ ആദ്യം അറസ്റ്റു ചെയ്തത് ഷോപിയാനിൽ പ്രവർത്തിക്കുന്ന ഇർഫാൻ അഹമ്മദ് എന്നയാളെയും ശ്രീനഗറിലെ ഒരു പാരാമെഡിക്കൽ ജീവനക്കാരനെയുമാണ്. ഡോക്ടർമാരെ ഭീകര പ്രവർത്തനങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് ഇർഫാൻ അഹമ്മദാണെന്നു പൊലീസ് പിന്നീട് കണ്ടെത്തി. ഇർഫാനെ ചോദ്യംചെയ്തതിൽ നിന്നാണ് വിശദവിവരങ്ങൾ ലഭിച്ചത്. സംഘാംഗങ്ങളുടെ ആശയവിനിമയ രീതികളും സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ നടത്തുന്ന നീക്കങ്ങളും മനസ്സിലാക്കി.
നവംബർ 5ന് യുപിയിലെ സഹറൻപുരിൽ നിന്ന് ഡോ. അദീൽ അഹമ്മദ് റാത്തറിനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തു. റാത്തറിനെ ശ്രീനഗറിലെത്തിച്ചു ചോദ്യംചെയ്തപ്പോഴാണ് ഫരീദാബാദിലെ ഡോ. മുസമ്മിൽ ഷക്കീലിന്റെയും ഡോ. ഷഹീൻ സയീദിന്റെയും വിവരം ലഭിക്കുന്നത്. നവംബർ എട്ടിന് ജമ്മു കശ്മീർ പൊലീസ് ഫരീദാബാദിലെത്തി ഹരിയാന പൊലീസിന്റെ സഹായത്തോടെ ഡോ. മുസമ്മിൽ ഷക്കീലിനെ അറസ്റ്റു ചെയ്തു. അൽ–ഫലാ സർവകലാശാലയിലായിരുന്നു മുസമ്മിൽ ഷക്കീൽ ജോലിചെയ്തിരുന്നത്. ഇയാളെ ശ്രീനഗറിലേക്കു കൊണ്ടുവന്നു. അദീലിന്റെ അനന്ത്നാഗിലെ താമസസ്ഥലത്തെ ലോക്കറിൽ നിന്ന് എകെ47 തോക്ക് ലഭിച്ചു. തുടർന്നാണ് വലിയതെന്തോ സംഘം പദ്ധതിയിടുന്നുണ്ടെന്ന സൂചന ലഭിക്കുന്നത്.
തൊട്ടടുത്ത ദിവസം നവംബർ 9ന് ഫരീദാബാദിൽ ഡോ. മുസമ്മിൽ ഷക്കീലിന്റെ താമസസ്ഥലത്ത് പരിശോധന നടത്തി. ഇവിടെ നിന്നാണ് 2900 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. എകെ47 തോക്കും ടൈമറുകളും വാക്കിടോക്കിയുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. ഡോ. ഷഹീൻ സയീദിന്റെ കാറിൽ നിന്നും തോക്ക് ലഭിച്ചിരുന്നു. ഷഹീൻ സയീദിന്റെ കാർ ഡോ. ഷക്കീൽ ഉപയോഗിക്കാൻ വാങ്ങിയതാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, ഷഹീൻ സയീദും സംഘത്തിന്റെ ഭാഗമാണെന്നും വനിതാ വിഭാഗത്തിനു നേതൃത്വം നൽകുകയാണെന്നും മുസമ്മിൽ ഷക്കീലിനെ ചോദ്യംചെയ്തപ്പോൾ തെളിഞ്ഞു.
ഡൽഹി സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചയാളെന്നു കരുതുന്ന ഡോ. ഉമർ നബിയെ കുറിച്ച് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത് ഡോ. മുസമ്മിൽ ഷക്കീലിൽ നിന്നാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബർ 10ന് രാജ്യത്തെ ഞെട്ടിച്ച ഡൽഹി സ്ഫോടനമുണ്ടായി. തിരക്കേറിയ ചെങ്കോട്ട മേഖലയിൽ സ്ഫോടക വസ്തുക്കളുമായെത്തിയ ഐ20 കാർ പൊട്ടിത്തെറിച്ച് 12 പേരാണു കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്നത് ഡോ. ഉമർ നബിയാണെന്നാണ് കരുതുന്നത്. സ്ഫോടനത്തിനു മുൻപ് പാർക്കിങ് ഏരിയയിൽ 3 മണിക്കൂറോളം കാർ നിർത്തിയിട്ടതായി കണ്ടെത്തിയിരുന്നു.
സ്ഫോടനത്തിനു പിന്നാലെ കശ്മീരിലെ പുൽവാമയിൽ കൂടുതൽ അറസ്റ്റുണ്ടായി. ഡോ. ഉമർ നബിക്ക് കാർ നൽകിയതെന്നു കരുതുന്ന താരിഖ്, സിം കാർഡ് നൽകിയ ആമിർ, ആമിറിന്റെ സഹോദരൻ ഉമർ റഷീദ്, ഉമർ നബിയുടെ പിതാവ് ഗുലാം നബി, ഉമറിന്റെ സുഹൃത്ത് ഡോ. സജ്ജാദ് മല്ല, ഡിഎൻഎ പരിശോധനക്കായി ഉമറിന്റെ മാതാവ് ഷമീമ ബീഗം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഡൽഹിയിലുണ്ടായത് ചാവേർ സ്ഫോടനമല്ലെന്നും സ്ഫോടക വസ്തുക്കൾ കടത്തുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്ഫോടനം നടക്കുമ്പോൾ കാർ പതിയെ മുന്നോട്ടു പോവുകയായിരുന്നു. ചാവേർ സ്ഫോടനത്തിന്റെ രീതിയിൽ അതിവേഗത്തിൽ ഇടിച്ച് പരമാവധി ആഘാതമുണ്ടാക്കുകയല്ല ചെയ്തത്. സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുക്കളുടെ അംശങ്ങളല്ലാതെ സ്ഫോടകസാമഗ്രി (എക്സ്പ്ലോസിവ് ഡിവൈസ്)യിൽ ഉപയാഗിക്കുന്ന വൈദ്യുതവയറുകളുടെയോ ആണികളുടെയോ അവശിഷ്ടങ്ങൾ ഇന്നലെ വൈകിട്ടു വരെ ലഭിച്ചിട്ടില്ല. ബോംബ് നിർമാണം പൂർത്തിയായിട്ടിരുന്നില്ല എന്നാണ് ഇതിൽ നിന്നുള്ള അനുമാനം. ഭീകരസംഘങ്ങൾ ഇത്രയും ചെറിയ ലക്ഷ്യങ്ങൾ തകർക്കാൻ ചാവേറുകളെ അയയ്ക്കാറില്ല. കൂട്ടാളികൾ പിടിയിലായതോടെ പൊലീസ് എത്തുമെന്നു ഭയന്ന സംഘം തങ്ങളുടെ പക്കലുള്ള സ്ഫോടകവസ്തു സുരക്ഷിതമായി മാറ്റുന്നതിനിടയിൽ സംഭവിച്ച അപകടമാകാമെന്നാണു വിദഗ്ധർ കരുതുന്നത്.






