കൊച്ചി∙ ഞാറയ്ക്കലിൽ കാറുമായി 16 വയസ്സുകാരന്റെ പരാക്രമം. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിലായിരുന്നു അലക്ഷ്യമായി കാറോടിച്ചത്. തലനാരിഴയ്ക്കാണ് ഒട്ടേറെ പേർ രക്ഷപെട്ടത്. അപകടത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
മൂന്നു വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. എടവനക്കാട്, ചെറായി, ഞാറയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചാണ് കാർ സഞ്ചരിച്ചത്. ഒടുവിൽ ഞാറയ്ക്കലിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. എടവനക്കാട് വച്ച് വാഹനമിടിച്ച് ഒരു വയോധികയ്ക്ക് സാരമായി പരുക്കേറ്റു. വൈക്കത്ത് റജിസ്റ്റർ ചെയ്തതാണ് വാഹനം.
അലക്ഷ്യമായി അതിവേഗത്തിൽ വാഹനം തിരിക്കുന്നതും ഇത് എതിരെ വന്ന ബൈക്കില്‍ ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ചെറായി മുതൽ ഞാറയ്ക്കൽ വരെയുള്ള വിവിധ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വാഹനത്തിന്റെ യാത്ര കണ്ട് ആളുകൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.







