മാനന്തവാടി : കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കു പോയ സ്വകാര്യ ബസും ലോറിയും കര്‍ണാടകയിലെ ഹുന്‍സൂരില്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. ബസ് ഡ്രൈവര്‍ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനര്‍ പ്രിയേഷ് എന്നിവരാണ് മരിച്ചത്. ഹുന്‍സൂരിലെ ജാദഗന്ന കൊപ്പാലുവില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് അപകടം.
മൈസൂരുവില്‍ നിന്ന് ഹുന്‍സൂരിലേക്ക് സിമന്റുമായി പോയ ലോറിയില്‍ ഇടിച്ചാണ് അപകടം.കാറ്റിലും മഴയിലും റോഡില്‍ വീണുകിടന്ന മരം ഒഴിവാക്കാന്‍ ബസ് വെട്ടിത്തിരിച്ചപ്പോള്‍ എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണു വിവരം. ലോറി ഡ്രൈവറുടെ കാലിനു ഗുരുതര പരുക്കുണ്ട്. ബസ്സിലെ നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പൊലീസ് വാഹനത്തിലാണു പരുക്കേറ്റവരെ മൈസൂരുവിലും ഹുന്‍സൂരിലുമുള്ള ആശുപത്രികളിലേക്കു മാറ്റിയത്. എഎസ്പി നാഗേഷിന്റെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുനിയപ്പയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.








