ന്യൂഡൽഹി∙ ഡൽഹിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. സെപ്റ്റംബർ 9നായിരുന്നു സംഭവം.
സൗഹൃദത്തിന്റെ പേരിലാണ് പെൺകുട്ടി ഹോട്ടലിലേക്കു പോയത്. അവിടെ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും തന്റെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുത്തെന്നും അത് പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമത്തിനും ഭീഷണിക്കും പുറമേ, തന്നോടൊപ്പം വരാൻ നിരന്തരമായി പ്രതി നിർബന്ധിച്ചുവെന്നും വിദ്യാര്‍ഥിനി നൽകിയ പരാതിയിൽ പറയുന്നു.
ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.







