ഭൂട്ടാൻ പട്ടാളം ലേലം ചെയ്തത് 117 വാഹനങ്ങൾ, വിൽപന നടന്നത് ആയിരത്തിലേറെ;വിൽപനയിൽ മോഷണവാഹനങ്ങളും

Spread the love

നടന്മാരെയും വ്യവസായികളെയും ഉന്നത ഉദ്യോഗസ്ഥരെയുമൊക്കെ കുടുക്കിയ ‘ഭൂട്ടാൻ പട്ടാള വണ്ടി’ കള്ളക്കടത്ത് റാക്കറ്റിനു പിന്നിൽ രാജ്യാന്തര വാഹനമോഷണ സംഘമെന്ന സംശയം ബലപ്പെട്ടു. 2012 നു ശേഷം ഭൂട്ടാൻ പട്ടാളം ആക്രിയായി ലേലം ചെയ്തതു 117 വാഹനങ്ങൾ മാത്രമാണ്. എന്നാൽ ഭൂട്ടാൻ റോയൽ ആർമിയുടെ വണ്ടികളെന്ന പേരിൽ കേരളത്തിൽ മാത്രം വിറ്റത് ഇരുനൂറോളം ആഡംബര കാറുകളാണ്.

 

ഹിമാചൽ പ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റാക്കറ്റ് രാജ്യത്താകമാനം വിറ്റഴിച്ചത് ആയിരത്തിലധികം കാറുകൾ. കവർച്ച ചെയ്ത വണ്ടികളാണെന്ന് അറിഞ്ഞും അറിയാതെയും വാഹനങ്ങൾ സ്വന്തമാക്കിയവർ കേരളത്തിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വണ്ടികൾ വാങ്ങി ആറു മാസം കഴിഞ്ഞിട്ടും സ്വന്തം പേരിലേക്കു മാറ്റാത്ത ഉടമകളെ കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

 

വിദേശരാജ്യങ്ങളിൽ നിന്നടക്കം മോഷ്ടിക്കുന്ന ഒന്നും രണ്ടും കോടി രൂപ വിലമതിക്കുന്ന കാറുകൾ പൊളിച്ച് ഭൂട്ടാനിൽ എത്തിക്കുന്നതാണു തട്ടിപ്പിന്റെ ആദ്യപടി. അവിടെനിന്നു റോഡ് മാർഗം ഇന്ത്യയിലേക്കു കടത്തും. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണു റാക്കറ്റിന്റെ വെയർഹൗസ്. ഹിമാചൽ മോട്ടർവാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ വണ്ടികൾ കൂടിയ വിലയ്ക്കു വിൽക്കാൻ ആവശ്യമായ വ്യാജരേഖകൾ നിർമിക്കുന്നതാണ് അടുത്തപടി. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള എം പരിവഹൻ പോർട്ടലിൽ അടക്കം നുഴഞ്ഞുകയറി ഇത്തരം വണ്ടികൾക്കു രേഖയുണ്ടാക്കാൻ റാക്കറ്റിനു കഴിഞ്ഞതും ഇൗ സഹായം കാരണമാണ്.

 

ഹിമാചൽ പ്രദേശിലെ ഷിംല റൂറലിൽ റജിസ്റ്റർ ചെയ്യുന്നതോടെ വണ്ടികൾക്ക് ‘എച്ച്പി’ നമ്പർ ലഭിക്കും. കേരളത്തിലെത്തിയ മുഴുവൻ വണ്ടികളും ‘എച്ച്പി–52’ റജിസ്ട്രേഷൻ നമ്പറിലാണ്. ഇതോടെ വണ്ടികൾ ഇന്ത്യൻ ഉടമസ്ഥരുടേതായി. ‘ സന്തോഷ് ശർമ, മനോജ് കുമാർ, ഹരികൃഷ്ണൻ’ എന്നീ പേരുകളിലുള്ള സെയിൽ ലെറ്ററുകൾ റാക്കറ്റ് വ്യാപകമായി വിൽപനയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്.

 

റോയൽ ഭൂട്ടാൻ ആർമി പർവതമേഖലയിൽ പട്രോളിങ്ങിന് ഉപയോഗിക്കുന്ന ഓഫ് റോഡ് വണ്ടികൾ മൂന്നു വർഷത്തിൽ കൂടുതൽ നിലനിർത്താറില്ല. പലപ്പോഴും പുതുമ നഷ്ടപ്പെടാതെ തന്നെ നല്ല എൻജിൻ കണ്ടിഷനിൽ ഇവ സെക്കൻഡ് ഹാൻഡ് വാഹന കമ്പോളത്തിൽ എത്തും. ഇതാണ് ഇന്ത്യൻ വിപണിയിൽ ഭൂട്ടാൻ വണ്ടികൾക്കുള്ള മതിപ്പിനു കാരണം.

 

വണ്ടികളുടെ വിൽപന മൂല്യം വർധിപ്പിക്കാനാണു റാക്കറ്റ് ഇന്ത്യൻ പട്ടാളത്തിന്റെയും ഇന്ത്യൻ–യുഎസ് എംബസികളുടെയും സീലുകൾ വ്യാജമായി നിർമിച്ചു കാറുകൾക്കു വ്യാജ ഉടമസ്ഥതാ രേഖകളുണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

 

∙ ഭൂട്ടാൻ വണ്ടി തട്ടിപ്പിൽ അന്വേഷണം വിപുലമാക്കുന്നതോടെ കസ്റ്റംസ് അടക്കം 7 കേന്ദ്ര ഏജൻസികൾ രംഗത്തിറങ്ങും. ഇന്ത്യൻ പട്ടാളത്തിന്റെയും എംബസിയുടെയും യുഎസ് എംബസിയുടെയും വ്യാജ സീലുകൾ നിർമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര– വിദേശകാര്യ മന്ത്രാലയങ്ങൾ റിപ്പോർട്ട് തേടി.

 

∙ ഇതടക്കം വിദേശബന്ധമുള്ള തട്ടിപ്പും റാക്കറ്റ് ഇടപെട്ട മറ്റു കുറ്റകൃത്യങ്ങളും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും.

 

∙ റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകൾ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രീതി എന്നിവ കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കും.

 

∙ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എം പരിവഹൻ ഹാക്ക് ചെയ്യാൻ ഹിമാചൽ പ്രദേശിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചെന്ന ആക്ഷേപം അഴിമ‌തി വിരുദ്ധ അന്വേഷണ ഏജൻസിയായ സിബിഐ അന്വേഷിക്കും.

 

∙ കള്ളക്കടത്തു സംബന്ധിച്ച തെളിവുകൾ കണ്ടെത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയായിരിക്കും.

 

∙ അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി (ഐബി), ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) എന്നിവരുടെ സേവനം തേടും.

 

∙ കള്ളക്കടത്ത് അന്വേഷിക്കുന്നതിനിടയിൽ കസ്റ്റംസ് കണ്ടെത്തിയ ജിഎസ്ടി വെട്ടിപ്പ് ആദായനികുതി വകുപ്പിനു കീഴിലുള്ള ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും.

  • Related Posts

    നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്.…

    വിഷു ദിനത്തിൽ സ്വർണത്തിന് കുതിപ്പ്! ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

    Spread the love

    Spread the loveവിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. പവൻ വില 1,040 രൂപ വർധിച്ച് 1,13,920 രൂപയുമായി. യുഎസ് ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *