മുംബൈ∙ ഐ ഫോൺ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിൾ സ്റ്റോറിനു പുറത്ത് ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതും തമ്മിൽ സംഘർഷമുണ്ടാകുന്നതും വാർത്താ ഏജൻസിയായി പിടിഐ പങ്കുവച്ച വിഡിയോയിലുണ്ട്. സംഘർഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാർ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം.
സുരക്ഷാ ജീവനക്കാർ കാര്യക്ഷമമായി ഇടപെടാത്തതാണ് സംഘർഷത്തിനിടയാക്കിയതെന്ന് ചിലർ ആരോപിച്ചു. പുലർച്ചെ 5 മണി മുതൽ ക്യൂ നിൽക്കുകയാണെന്നും, ചിലർ വരിതെറ്റിച്ച് കയറാൻ ശ്രമിക്കുന്നത് സംഘർഷത്തിന് ഇടയാക്കിയെന്നും അഹമ്മദാബാദിൽനിന്നുള്ള മോഹൻ യാദവ് പറഞ്ഞു. ഡൽഹിയിലെയും ബെംഗളൂരുവിലെയും ഔട്ട്ലറ്റുകളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടു.
ആപ്പിളിന്റെ പുതിയ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ ഇന്ന് മുതലാണ് വിൽപ്പന ആരംഭിച്ചത്. സെപ്റ്റംബർ 12 ന് ആരംഭിച്ച പ്രീ ഓർഡറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു വ്യാപാരികൾ പറയുന്നു.







