ന്യൂഡൽഹി∙ ഡൽഹി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തു വിജിലൻസ്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഹൗസ് ഖാസി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ രാകേഷ് കുമാറാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. പരാതിക്കാരന്റെ പ്രദേശത്തെ ഡിവിഷൻ ഓഫീസറായിരുന്ന രാകേഷ് കുമാർ, കള്ളക്കേസിൽ കുടുക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. തുടർന്ന് പണം കൈമാറുന്നതിനായി രാകേഷ്കുമാർ പരാതിക്കാരനെ ഉച്ചയ്ക്ക് 12.30ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിച്ചു.
വിജിലൻസ് സംഘം ഒരു കെണിയൊരുക്കി. അദൃശ്യമായ പൊടി പുരട്ടിയ 15,000 രൂപയുടെ നോട്ടുകൾ പരാതിക്കാരന് നൽകി. നിശ്ചയിച്ച സമയത്ത് പരാതിക്കാരൻ പൊലീസ് സ്റ്റേഷന് പുറത്ത് രാകേഷ് കുമാറിനെ കാണുകയും പണം കൈമാറുകയും ചെയ്തു. പരാതിക്കാരനിൽ നിന്ന് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് സംഘം അദ്ദേഹത്തെ പിടികൂടാൻ ഓടി. പക്ഷേ റെയ്ഡ് മനസ്സിലാക്കിയ എഎസ്ഐ കറൻസികൾ വായുവിലേക്ക് വലിച്ചെറിഞ്ഞു. സംഭവസ്ഥലത്തെ തിരക്കുമൂലം നിലത്ത് വീണ നോട്ടുകൾ പലരും കൈക്കലാക്കി. ആകെ തുകയിൽ 10,000 രൂപ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. എന്നാൽ 5,000 രൂപ കണ്ടെത്താനായില്ല. കേസ് റജിസ്റ്റർ ചെയ്ത് കുമാറിനെ അറസ്റ്റ് ചെയ്തതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.







