മുംബൈ ∙ മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ വച്ച് മർദിച്ചെന്ന ഭോജ്പുരി നടി സപ്ന ഗില്ലിന്റെ പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നൂറു രൂപ പിഴ ചുമത്തി കോടതി. പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് ദിൻദോഷി സെഷൻസ് കോടതി നൽകിയ സമൻസ് അവഗണിച്ചതിനാണ് പിഴ ചുമത്തിയത്. പൃഥ്വി ഷാ കയ്യേറ്റം ചെയ്തെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ചാണ് 2023 ഏപ്രിലിൽ നടി സ്പന ഗിൽ കോടതിയെ സമീപിച്ചത്.
എന്നാൽ കേസെടുക്കാൻ വിസമ്മതിച്ച കോടതി, പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനും പൃഥ്വി ഷായോട് വിശദീകരണം നൽകാനും ആവശ്യപ്പെടുകയായിുന്നു. വിശദീകരണം നൽകാത്തതിനാണ് താരത്തിന് ഇപ്പോൾ പിഴ ചുമത്തിയത്. പൃഥ്വി ഷാ തുടർച്ചയായി ജുഡീഷ്യൽ നടപടിക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് നടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് ഡിസംബർ 16നു വീണ്ടും പരിഗണിക്കും. അതിനുള്ളിൽ താരത്തോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു.
സെൽഫി എടുക്കാൻ സമീപിച്ച നടിയും സംഘവും തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ക്രിക്കറ്റ് താരം നൽകിയ പരാതിയിൽ നേരത്തെ മുംബൈ പൊലീസ് സപ്ന ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് അവർ പൃഥ്വി ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോടതിയെ സമീപിച്ചത്. ഹോട്ടലിൽ വച്ച് പൃഥ്വി ഷാ തന്നെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച പരാതിക്കാരി ആശുപത്രി രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ ആദ്യം മർദിച്ചത് പൃഥ്വിയാണെന്നും തല്ലരുതെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും മദ്യലഹരിയിലായിരുന്ന പൃഥ്വിയും സുഹൃത്തുക്കളും മർദനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു. പൃഥി ഷായുടെ സുഹൃത്ത് ആശിഷ് യാദവിനെതിരെയും പരാതിയിൽ പരാമർശമുണ്ട്. കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് മുംബൈ വിമാനത്താവള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, അച്ചടക്കനടപടിയുടെ ഭാഗമായി ഷായെ മുംബൈ ടീമിൽ നിന്ന് ഒഴിവാക്കിയ ടോപ് ഓർഡർ ബാറ്റർ പൃഥ്വി ഷാ, 2025–26 സീസണിൽ മഹാരാഷ്ട്രയ്ക്കായാണ് കളിക്കുന്നത്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ടീമുകളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഷായുടെ വരവ് മഹാരാഷ്ട്ര ടീമിനു കരുത്താകുമെന്നാണു പ്രതീക്ഷ.







