ഗായകൻ കുമാർ സാനുവുമായി പ്രണയത്തിലാണെന്ന തരത്തിൽ നടി കുനികാ സദാനന്ദിന്റെ പേര് പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. പഴയൊരു അഭിമുഖത്തിൽ സാനുവിന് താനൊരു ഭാര്യയെപ്പോലെ ആയിരുന്നു എന്ന് കുനിക തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ആ ബന്ധത്തെ കുറിച്ച് പിന്നീട് വന്ന ചോദ്യങ്ങൾക്കൊന്നും അവർ മറുപടി നൽകിയിരുന്നില്ല.
റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 19-ാം സീസണിൽ കുമാർ സാനുവിന്റെ പേര് പരാമർശിക്കാതെ അതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കുനിക. താൻ വിവാഹിതനായ ഒരാളുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്നും 27 വർഷം താൻ ആ രഹസ്യബന്ധം മറച്ചുവെച്ചുവെന്നും കുനിക പറയുന്നു. അദ്ദേഹത്തിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടാകുകയും തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തതോടെ ആ ലിവ് ഇൻ ബന്ധം ഉപേക്ഷിച്ചതെന്നും അവർ തുറന്നു പറഞ്ഞു.
’27 വർഷം ഞാൻ എന്റെ രഹസ്യബന്ധം മറച്ചുവച്ചു. അതിനെക്കുറിച്ച് ഒരിക്കലും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തിയപ്പോൾ മനസിന്റെ ഭാരം കുറഞ്ഞതായി തോന്നുന്നു. അദ്ദേഹം വിവാഹിതനായിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഞങ്ങൾ ഒരു ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. അക്കാലത്ത് ഞാൻ വിവാഹിതയായിരുന്നില്ല. ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായി. അദ്ദേഹം എന്നെ വഞ്ചിച്ചതായി സമ്മതിച്ചതിന് ശേഷം ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ചു.’-കുനിക പറയുന്നു.
ബോളിവുഡ് സിനിമകളിലും സീരിയലുകളിലും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന കുനിക ഒരു ഗായിക കൂടിയാണ്. അവർ 51-ഓളം ചിത്രങ്ങളുടെ ഭാഗമായി.






