എഐജി സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനംതട്ടി കാൽനടക്കാരനു പരുക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറെ പ്രതിയാക്കുന്നതിനു പകരം പരാതിക്കാരനാക്കി എഫ്ഐആർ റിപ്പോർട്ട്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയാകേണ്ടയാളെ വാദിയാക്കി കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വൈദ്യപരിശോധനയും നടത്തിയില്ല. ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിനാണ് പരാതിക്കാരനായി കേസെടുത്തത് എന്ന് ആക്ഷേപമുണ്ട്.
പൊലീസ് ആസ്ഥാനത്തെ എഐജിയും പത്തനംതിട്ട ജില്ലാ മുൻ പൊലീസ് മേധാവിയുമായിരുന്ന വി.ജി. വിനോദ് കുമാർ സഞ്ചരിച്ചിരുന്ന വാഹനം ഓഗസ്റ്റ് 30ന് രാത്രിയാണ് എംസി റോഡിൽ കുറ്റൂരിന് സമീപം അപകടത്തിൽപ്പെട്ടത്. കാൽനടക്കാരനായിരുന്ന നേപ്പാൾ സ്വദേശി ജീവന് പ്രസാദ് ദുംഗന്(40) പരുക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഉൾപ്പെട്ട വാഹനത്തിൽ തന്നെ ജീവൻ പ്രസാദിനെ ആശുപത്രിയിലെത്തിച്ച ശേഷമാണ് പൊലീസ് ഡ്രൈവറാണു തിരുവല്ല സ്റ്റേഷനിൽ വിവരം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കാൽനടക്കാരൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചതായി എഫ്ഐആർ തയാറാക്കിയിട്ടുണ്ട്. എന്നാൽ, അപകടത്തിൽപെട്ടയാളുടെ പേര് പരാമർശിക്കുന്നില്ല. അതേസമയം കാറിന് ഉണ്ടായ കേടുപാടുകളെപ്പറ്റി വിവരിക്കുന്നുമുണ്ട്.
പൊലീസ് ഡ്രൈവറുടെ മൊഴിയനുസരിച്ച് കാൻനടയാത്രക്കാരൻ റോഡിന്റെ ഇടതുവശത്തു നിന്നു വലതുവശത്തേക്ക് പെട്ടന്നു ചാടിയതാണ് അപകടകാരണം. ജീവൻ പ്രസാദിന്റെ പരുക്കു ഗുരുതരമായിരുന്നില്ലെന്നും ഇയാൾ തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽനിന്നു പോയതായും അധികൃതർ പറഞ്ഞു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് തുടരന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്.







