ബെംഗളൂരു ∙ ബെംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി ആചാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിക്കാണ് കുത്തേറ്റത്. 2 മലയാളി വിദ്യാർഥികളെ മലയാളി പൂർവവിദ്യാർഥികളുൾപ്പെട്ട സംഘം മുറിയിൽ കയറി ആക്രമിച്ചെന്നാണ് പരാതി. വിദ്യാർഥികൾ താമസിക്കുന്ന പിജിയിലാണ് ആക്രമണമുണ്ടായത്. വയറിലും തലയ്ക്കും പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം വർഷ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. വയറിനു കുത്തേറ്റ വിദ്യാർഥി ഐസിയുവിലാണ്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം മുറിയിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. കോളജിൽനിന്ന് പഠിച്ചിറങ്ങിയവരും പ്രദേശവാസിയും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറഞ്ഞു. തിങ്കളാഴ്ച കോളജിൽ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. സംഭവത്തിൽ സോലദേവനഹള്ളി പൊലീസ് 5 പേർക്കെതിരെ കേസെടുത്തു.








