കഴിഞ്ഞയാഴ്ച താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒൻപതുവയസ്സുകാരി അനയയുടെ ഏഴുവയസ്സുകാരനായ സഹോദരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതോടെ ഈ രോഗബാധയെത്തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. കോഴിക്കോട്ടും മലപ്പുറത്തും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ രോഗബാധിതർക്ക് ജലസമ്പർക്കമുണ്ടായ ഇടങ്ങളിൽ പരിശോധനയും ശുചീകരണപ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ശക്തമാക്കി.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ഏഴുവയസ്സുകാരനും സഹോദരി അനയ കുളിച്ച അതേ കുളത്തിൽ കുളിച്ചിരുന്നതായാണ് വിവരം. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച താമരശ്ശേരിയിലെ ഒൻപതു വയസ്സുകാരിയുടെ വീട്ടിലും സമീപപ്രദേശത്തെ കുളത്തിലുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച വിശദമായി പരിശോധന നടത്തിയത്. കോഴിക്കോട്ട് രോഗം റിപ്പോർട്ട് ചെയ്ത മറ്റു ചില ഇടങ്ങളിലും മെഡിക്കൽ കോളജിൽ നിന്നെത്തിയ സംഘം പരിശോധന നടത്തി. സ്ഥലത്തെ ജലസ്രോതസുകളിലെ സാംപിളുകൾക്കൊപ്പം കിണറുകൾ, പൈപ്പു വെള്ളം ഉൾപ്പെടെയുള്ള സാംപിളുകളും ശേഖരിച്ചു. പ്രദേശത്ത് ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി.
കോഴിക്കോട് ഓമശ്ശേരിയിൽ നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞ്, മലപ്പുറം സ്വദേശിയായ നാൽപത്തിയൊൻപതുകാരൻ, ചേളാരി സ്വദേശിയായ പതിനൊന്നുവയസ്സുകാരി, അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ, വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച താമരശ്ശേരി സ്വദേശിയായ ഏഴുവയസ്സുകാരൻ എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.








