
കണ്ണൂര്‍∙ രണ്ടു രൂപ ഡോക്ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിന്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ.രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽനിന്നു രണ്ടു രൂപ മാത്രം ഫീസ് വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.
നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടര്‍ എ.കെ രൈരു ഗോപാലിന്റെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാര്‍. അമ്മ: പരേതയായ എ.കെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ.
ഡോ. എ.കെ. രൈരു ഗോപാലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയാണ് അദ്ദേഹം പരിശോധന നടത്തിയിരുന്നതെന്നും പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിന്‍റെ സേവന സന്നദ്ധതയെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.