
കൊച്ചി ∙ ഛത്തീസ്‍ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം. തുടക്കത്തിൽ മതപരിവർത്തനമാണ് ആരോപിച്ചിരുന്നതെങ്കിൽ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബക്കാർ പറയുന്നു. അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലും ഓഫിസിലും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടി മടങ്ങുന്നതിനിടെ ബജ്‌റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയായിരുന്നു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ടവരാണ് ഇരു കന്യാസ്ത്രീമാരും. 20 വർഷത്തിലധികമായി സിസ്റ്റർ മേരി പ്രീതി ഉത്തരേന്ത്യയിൽ നഴ്സ് ആയി സേവനമനുഷ്ഠിക്കുകയാണെന്ന് കുടുംബം പറഞ്ഞു. രണ്ടു മാസം മുൻപാണ് നാട്ടിൽ വന്നു പോയത്. സ്ഥിതിഗതികൾ മോശമാണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടെന്നും സിസ്റ്റർ പ്രീതി പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. മൂന്നു പെൺകുട്ടികളും പ്രായപൂർത്തിയായവരും, മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കായി പോന്നവരുമാണ്. പെൺകുട്ടികളുടെ കുടുംബവും റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. എല്ലാ രേഖകളും പൊലീസിനെ കാണിച്ചിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ബെന്നി ബെഹ്‍നാൻ എംപി, റോജി ജോൺ എംഎൽഎ തുടങ്ങിയവർ കഴിഞ്ഞ ദിവസം സിസ്റ്റർ പ്രീതിയുടെ വീട് സന്ദർശിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ബെന്നി ബെഹ്നാനും ഹൈബി ഈഡനും ലോക്സഭയിൽ നോട്ടിസ് നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഉൾപ്പെടെ ശക്തമായി രംഗത്തുവന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്.