
ശ്രീനഗർ∙ ജമ്മു കശ്‍മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം േമഖലയിൽ പരിശോധന നടത്തിയത്. ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്.
ദച്ചിഗാം ദേശീയോദ്യാനത്തിനു സമീപമുള്ള ഹർവാൻ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി സൈന്യം അറിയിച്ചു. ഓപ്പറേഷന് പിന്തുണ നൽകുന്നതിനായി കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പഹൽഗാമിൽ ഏപ്രിൽ 22ന് 27 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാസേന വലിയ തോതിലുള്ള ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർക്ക് പഹൽഗാം ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.