
ബെംഗളൂരു∙ ഗോകർണത്തെ ഗുഹയിൽനിന്നു കണ്ടെത്തിയ റഷ്യൻ യുവതിയെയും കുട്ടികളെയും നാടുകടത്തരുതെന്ന് കർണാടക ഹൈക്കോടതി. റഷ്യൻ യുവതിയായ നിന കുട്ടിന(40)യ്ക്കു വേണ്ടി ഹാജരായ അഭിഭാഷക ബീന പിള്ള, ഐക്യരാഷ്ട്ര സംഘടനയുടെ കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് (യുഎൻസിആർസി) നിയമം അനുസരിച്ചു കുട്ടികളുടെ ക്ഷേമം പരിഗണിക്കണമെന്ന് കോടതിയിൽ വാദിച്ചു. കുട്ടികളെ ബാധിക്കുന്ന വിഷയത്തിൽ അവരുടെ ക്ഷേമത്തിനു തന്നെയാണു പ്രാധാന്യം നൽകേണ്ടതെന്നാണ് യുഎൻ കൺവെൻഷന്റെ ആർട്ടിക്കിൾ 3 ചൂണ്ടിക്കാട്ടുന്നതെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ഇതുപ്രകാരമാണ് കുട്ടികളുടെ ക്ഷേമം മുൻനിർത്തി നാടുകടത്തൽ പുനഃപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചത്.
ജസ്റ്റിസ് എസ്.സുനിൽ ദത്ത് യാദവ് ആണ് ഹർജി പരിഗണിച്ചത്. നിനയുടെ പെൺമക്കളായ പ്രേമ (6), അമ (4) എന്നിവരുടെ പേരിലാണ് ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടികൾക്കു നിലവിൽ യാത്രാ രേഖകൾ ഒന്നുമില്ലെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു. ഈ ഘട്ടത്തിൽ ഉടനടി നാടുകടത്തപ്പെടുമെന്ന ഭീതി വേണ്ടെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണമെന്നും കോടതിയെ അറിയിക്കാതെ നാടുകടത്തൽ നടപ്പാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഹർജി ഇനി ഓഗസ്റ്റ് 18ന് പരിഗണിക്കും.