കൊല്ലം∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭർത്താവിൽനിന്നു നേരിട്ടത് ക്രൂര പീഡനം. ഭർത്താവ് സതീഷ് ശങ്കർ മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോയും മർദനമേറ്റ അതുല്യയുടെ ചിത്രങ്ങളും പുറത്തുവന്നു.
അതുല്യ തന്നെ ചിത്രീകരിച്ച്, തന്റെ സഹോദരിക്ക് അയച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോയിൽ അതുല്യയോട് ഭർത്താവ് മോശമായി പെരുമാറുന്നത് കാണാം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് സതീഷ്. അതുല്യയെ സതീഷ് ഉപദ്രവിക്കാൻ പോകുമ്പോൾ അവൾ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സതീഷ് അശ്ലീലം സംസാരിക്കുന്നതും മദ്യപിക്കുന്നതും അതുല്യയെ അടിക്കുന്നതുമെല്ലാം പുറത്തുവന്ന വിഡിയോയിലുണ്ട്. ‘‘എത്ര വിഡിയോ എടുത്താലും നിനക്കോ ബോറഡിക്കുന്നില്ലേ’’ എന്നും ‘‘ഓഫ് ചെയ്യടീ’’ എന്നും പറയുന്നതും വിഡിയോയിൽ കാണാം. കത്തിയുമായി സതീഷ് നിൽക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതുപയോഗിച്ച് അതുല്യയെ ആക്രമിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നല്‍കി. യുവതി സഹോദരിക്ക് അയച്ച വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്.







