വയനാട് തുരങ്കപാത യുഡിഎഫ് വിഭാവനം ചെയ്തത്; എല്‍ഡിഎഫ് സ്വന്തം പേരിലാക്കി; ടി സിദ്ദിഖ്

Spread the love

വയനാട് തുരങ്കപാത എന്ന ആശയം മുന്നോട്ടുവച്ചത് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയും ചേര്‍ന്നാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. 2011-ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുടെ സാധ്യതാപഠനത്തിനായി ബജറ്റില്‍ തുക അനുവദിച്ചിരുന്നുവെന്നും, ഇപ്പോള്‍ അതിനെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാത്രം പദ്ധതിയായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിക്കുന്നു.

 

വയനാട് തുരങ്കപാതയെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ വിവാദങ്ങള്‍, പാരിസ്ഥിതിക ആശങ്കകള്‍, മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം, കോണ്‍ഗ്രസിന്റെ പുനരധിവാസ പദ്ധതി, മനുഷ്യവന്യജീവി സംഘര്‍ഷം തുടങ്ങി വയനാടിന്റെ സമകാലിക രാഷ്ട്രീയ-വികസന വിഷയങ്ങളെക്കുറിച്ച് മന്ത്രി ടി. സിദ്ദിഖ് സംസാരിക്കുന്നു.

 

വയനാട് തുരങ്കപാതയുടെ ഭാവിയെകുറിച് വലിയ ആശങ്കകള്‍ ആണല്ലോ ഇടതുപക്ഷം ഉയര്‍ത്തുന്നത്. എന്താണ് ഈ പദ്ധതിയില്‍ യുഡിഫ് സര്‍ക്കാരിന്റെ നിലപാട്?

 

തുരങ്കപാത എന്ന ആശയത്തില്‍ യുഡിഎഫിന് അതിപ്രധാനമായ പങ്കുണ്ട്. പഴയകാലത്ത് കാട്ടുവഴികളിലൂടെ യാത്ര ചെയ്ത് വയനാട്ടിലെത്തിയവര്‍ ഈ മേഖലയിലെ ദുര്‍ഘടമായ യാത്രാസാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ തുരങ്കപാത എന്ന ആശയം മുന്നോട്ടുവച്ചത് ഉമ്മന്‍ചാണ്ടി സാറും കെഎം മാണിയുമാണ്. 2011-ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുരങ്കപാതയുടെ സാധ്യതാപഠനത്തിനായി ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാത്രം പദ്ധതിയായി മാറ്റിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചാരണവും അവര്‍ നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാരുകള്‍ തുടര്‍ച്ചയുള്ളവയാണ്. പദ്ധതിക്ക് ഒരു മാറ്റവും ഉണ്ടാകില്ല.

 

തുരങ്കപാതയ്ക്ക് എതിരെ കടുത്ത നിലപാട് എടുത്ത വ്യക്തിയാണ് മുഖ്യമന്ത്രി വിഡി സതീശന്‍. നിലവില്‍ ഇടതുപക്ഷം മുഖ്യമന്ത്രിയുടെ ഈ നിലപാട് ഉയര്‍ത്തിക്കാട്ടിയാണ് പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടോ?

 

ഇല്ല, ഇതുവരെ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ നേരത്തെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. പ്രകൃതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ ഒന്നും നടപ്പാക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശരിയാണ്. പ്രകൃതിക്ക് പ്രശ്‌നമുണ്ടാക്കുന്ന ഏത് പദ്ധതിയെയും ഞങ്ങള്‍ എതിര്‍ക്കും. എന്നാല്‍ തുരങ്കപാതയുടെ നിര്‍മാണത്തിന് മുമ്പ് കൃത്യമായ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. ആ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടുതന്നെ ഇപ്പോഴുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ച നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം ചുരംപാത വികസന പ്രവര്‍ത്തനങ്ങളും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതയുടെ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കും. വയനാട്ടിന്റെ സമഗ്ര വികസനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.

 

യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ തുരങ്കപാതയില്‍ കൂടുതല്‍ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രകൃതിസ്‌നേഹികള്‍ പറയുന്നുണ്ടല്ലോ?. അത്തരത്തില്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ?

 

ഇല്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ കല്‍പറ്റ ടൗണ്‍ഷിപ്പിന്റെ രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ താങ്കള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി കെ രാജനും ഉണ്ടായിരുന്ന വേദിയിലായിരുന്നു താങ്കള്‍ക്ക് കൂവല്‍ നേരിടേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നോ?

 

ഒരിക്കലും ഇല്ല. എന്നാല്‍ വേദിയിലെത്തിയപ്പോള്‍ തന്നെ അത് ഒരു രാഷ്ട്രീയ വേദിയായി മാറുകയാണെന്നും അതില്‍ ആശങ്കയുണ്ടെന്നും ഞാന്‍ മന്ത്രി കെ രാജനോട് പറഞ്ഞിരുന്നു. പക്ഷേ മന്ത്രി അത് ചിരിച്ചുതള്ളുകയായിരുന്നു. ഞാന്‍ സംസാരിക്കുന്ന സമയത്ത് വേദിക്ക് പുറത്തുനിന്നുള്ളവരാണ് കൂവിയത്. അപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ദുരന്തബാധിതര്‍ ഇരുന്ന ഭാഗത്തേക്കായിരുന്നു. അവര്‍ ആരും തന്നെ പ്രതിഷേധിച്ചിരുന്നില്ല. അതുമാത്രമല്ല, ഞാന്‍ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയും ചെയ്തു. ഇനി തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍, മുണ്ടക്കൈ-അട്ടമല ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 260 വോട്ടുകളാണ്. എന്നാല്‍ എന്റെ ഈ ബൂത്തുകളിലെ ഭൂരിപക്ഷം തന്നെ 260ല്‍ മുകളില്‍ ആയിരുന്നു. അതില്‍ നിന്നുതന്നെ ദുരന്തബാധിതര്‍ ആരോടൊപ്പമായിരുന്നുവെന്ന് മനസിലാക്കാം.

വയനാട് ടൗണ്‍ഷിപ്പില്‍ ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതായിരിക്കുമോ?

 

തീര്‍ച്ചയായും. ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് പ്രഥമ പരിഗണന. അതോടൊപ്പം തന്നെ ഉരുള്‍പൊട്ടലിന് രണ്ട് വര്‍ഷമായിട്ടും ഗുണഭോക്തൃ പട്ടിക പൂര്‍ണമായിട്ടില്ല. ജീവനോപാധി നഷ്ടപ്പെട്ട നിരവധി ആളുകള്‍ അവിടെയുണ്ട്. അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉണ്ടാകും. ഉന്നതപഠനം നഷ്ടപ്പെട്ട നൂറുകണക്കിന് കുട്ടികളുമുണ്ട്. അവര്‍ക്കായി സര്‍ക്കാര്‍ കാര്യമായ സഹായങ്ങള്‍ നല്‍കിയിരുന്നില്ല. അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. അതില്‍ പലര്‍ക്കും ജോലി ലഭിക്കുകയും ചെയ്തു. ദുരന്തബാധിതരുടെ കൃഷിഭൂമി പുനരുദ്ധരിച്ച് അവര്‍ക്കുതന്നെ നല്‍കുമെന്നാണ് മുന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് നടപ്പായില്ല. ഈ വിഷയങ്ങള്‍ക്കെല്ലാം യുഡിഎഫ് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തും. അതിനാവശ്യമായ ഫണ്ട് സി.എം.ഡി.ആര്‍.എഫില്‍ ലഭ്യമാണ്.

 

അതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യമാണ് കോണ്‍ഗ്രസിന്റെ വീടുകള്‍ സംബന്ധിച്ചുള്ളത്. ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണ്?

 

കോണ്‍ഗ്രസിന്റെ വീടുകള്‍ പൂര്‍ത്തിയാകും. അതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിണര്‍ നിര്‍മാണം പുരോഗമിക്കുകയാണ്. വീടുകളുടെ പ്രാഥമിക പ്ലാനും തയ്യാറായിട്ടുണ്ട്. അതില്‍ ചില തിരുത്തലുകള്‍ കൂടി വരാനുണ്ട്. ഫണ്ടിന്റെ കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

 

വയനാടിന്റെ മന്ത്രി എന്ന നിലയില്‍ താങ്കള്‍ നേരിടേണ്ട വലിയ വെല്ലുവിളികളിലൊന്നാണ് മനുഷ്യവന്യജീവി സംഘര്‍ഷം. ഈ വിഷയത്തെ എങ്ങനെ കാണുന്നു?

 

വളരെ ഗൗരവത്തോടെ ഈ വിഷയത്തെ സര്‍ക്കാര്‍ സമീപിക്കും. കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമിയില്‍ സമാധാനത്തോടെ കൃഷി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കും. ആവശ്യമായ സ്ഥലങ്ങളില്‍ തൂക്കുവേലികള്‍ സ്ഥാപിക്കും. ഫണ്ടിന്റെ അപര്യാപ്തത ഉണ്ടായിരുന്നു. അത് പരിഹരിക്കും.

  • Related Posts

    ചില്ലിക്കൊമ്പന്റേത് മുങ്ങി മരണം; ആത്മഹത്യ വാദം തള്ളി തമിഴ്‌നാട് ഫോറസ്റ്റ് അധികൃതര്‍

    Spread the love

    Spread the loveപാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്ന് ജലസേചനത്തിന് വെള്ളം കൊണ്ടുപോകുന്ന കോണ്‍ടൂര്‍ കനാലില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ ചില്ലിക്കൊമ്പന്റേത് മുങ്ങി മരണമെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍. ആനയുടെ അടിവയറ്റില്‍ ഒരു മുറിവുണ്ടായിരുന്നു. മറ്റൊരു ആനയുമായുള്ള സംഘട്ടനത്തില്‍ കുത്തേറ്റതാകാനാണ്…

    മദ്യലഹരിയില്‍ കൊലപാതകം; തമിഴ്‌നാട് സ്വദേശി പിടിയില്‍

    Spread the love

    Spread the loveകട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തിനെ തമിഴ്‌നാട് സ്വദേശി കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്‌നാട്…

    Leave a Reply

    Your email address will not be published. Required fields are marked *