‘2000 ഉണ്ടാക്കാൻ 500 രൂപയ്ക്ക് പെട്രോൾ’ ; ഇന്ധന വില വർധന ഇരുട്ടടിയെന്ന് ഡെലിവറി ജീവനക്കാർ

Spread the love

കൊച്ചി∙ ‘‘ദിവസവും 250 കിലോമീറ്റർ എങ്കിലും ഓടുന്നുണ്ട്. അതിന് 500 രൂപയ്ക്ക് എങ്കിലും പെട്രോൾ അടിക്കണം. പെട്രോൾ വില കൂടിയതോടെ ദിവസം 20–25 രൂപയെങ്കിലും എക്സ്ട്രാ ആയി വരുന്നുണ്ട്. ആഴ്ചയിൽ നോക്കുമ്പോൾ അതു വലിയ സംഖ്യയായി മാറും. ഇതിങ്ങനെ കൂടുന്നു എന്നല്ലാണ്ട് ഞങ്ങൾക്കു യാതൊരു നേട്ടവും കിട്ടുന്നില്ല. നല്ല ബുദ്ധിമുട്ടുണ്ട്. വൈറ്റില ഒക്കെ പോയിക്കഴിഞ്ഞാൽ 5 മിനിറ്റ് ഒക്കെ സ്റ്റാർട്ടിങ്ങിലാണു കിടക്കുന്നത്. പെട്രോൾ വില ഇപ്പോൾ നാലു രൂപയോളം കൂടിയല്ലോ. അതു നന്നായി ബാധിക്കും’’ – മലപ്പുറം നിലമ്പൂർ സ്വദേശിയായ ജുറൈജ് പറയുന്നു. കൊച്ചി നഗരത്തിലെ നൂറുകണക്കിനു വരുന്ന ഓൺലൈൻ ഭക്ഷണ-സാധന വിതരണ ഗിഗ് തൊഴിലാളികളിലൊരാളാണ് ജുറൈജ്. നാലു ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ ഇന്ധന വില വർധനവ് തങ്ങള്‍ക്ക് ഇരുട്ടടിയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ധനവില 3 രൂപ വർധിപ്പിച്ചതിനു പിന്നാലെ ഇന്ന് പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസൽ‍ ലീറ്ററിന് 83 പൈസയുമാണ് വർ‍ധിപ്പിച്ചത്.

 

‘‘നമ്മള്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം കൂടുന്നില്ല. അതാണു പ്രശ്നം. 12 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നുണ്ട്. രാവിലെ 7 മുതൽ ഓടും. പിന്നെ വൈകിട്ട് 3 തൊട്ട് ആറു വരെ വിശ്രമിച്ചിട്ടു രാത്രി 10–12 മണി വരെയൊക്കെ ഓടാറുണ്ട്. ഇത്രയും സമയം ഓടിയാലാണ് 2000 രൂപയ്ക്കടുത്തു കിട്ടുക. അതിൽ 500 രൂപയ്ക്ക് എണ്ണയടിക്കണം, ഇവിടെ വന്നു ജോലി ചെയ്യുകയാണ്, അപ്പോൾ വാടകയ്ക്ക് താമസത്തിന് 150, ഭക്ഷണത്തിനു കുറഞ്ഞത് 200, അങ്ങനെ 850 ചെലവായാൽ ബാക്കിയുണ്ടാവുക 1150. അതിനൊപ്പമാണ് ഇന്ധന വില വർധവു മൂലം ഈ പൈസയിൽനിന്ന് കുറവു വരുന്നത്’’ – ജുറൈജ് പറയുന്നു.

 

ഇന്ധന വില വർധനവ് മൂലം സ്ഥിതി മോശമാണെന്നും അതിനാൽ കിലോമീറ്ററിനു നൽകുന്ന പ്രതിഫലം കൂട്ടാൻ കമ്പനികൾ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഗിഗ് തൊഴിലാളികൾ കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ പണി മുടക്കിയിരുന്നു. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ, അടക്കമുള്ള പ്രമുഖ ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളാണ് ഇവർ.

 

കിലോമീറ്ററിന് 4–5 രൂപയൊക്കയാണ് കമ്പനികൾ തരുന്നതെന്ന് കൊച്ചി നഗരത്തിൽ തന്നെ ഭക്ഷണ വിതരണം നടത്തുന്ന വൈപ്പിൻ സ്വദേശി ശരത് പറയുന്നു. ‘‘ഗ്യാസ് ഇല്ലാത്തതുകൊണ്ട് ഹോട്ടലുകളിൽ എല്ലാ വിഭവങ്ങളുമില്ല. അതുകൊണ്ടു കിട്ടുന്ന ഓർഡർ കുറവാണ്. ഉള്ള ഹോട്ടലുകളിൽ തിരക്കു കൂടുതലായതുകൊണ്ടു കാത്തിരിക്കേണ്ട സമയവും കൂടുകയാണ്. ഫലത്തിൽ നമുക്ക് കിട്ടുന്നത് കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് പെട്രോൾ വിലയും കൂട്ടിയത്. 250–300 രൂപയ്ക്കൊക്കെ എന്നും പെട്രോൾ അടിക്കും. ദിവസവും അടിക്കുന്നതു കൊണ്ട് ചെറിയ മാറ്റം വരുന്നത് ശ്രദ്ധിക്കുന്നില്ല എന്നേയുള്ളൂ’’ – ശരത് പറയുന്നു.

 

ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിയൊരു പങ്കാണ് ഇന്ധന ചെലവ് ഇനത്തിൽ ഗിഗ് തൊഴിലാളികൾക്കു നഷ്ടപ്പെടുന്നത്. മഴയായാലും വെയിലായാലും ഇവരുടെ തൊഴിലിനു മുടക്കം വരുത്താനും പറ്റില്ല. വാഹനങ്ങൾക്കു വരുന്ന കേടുപാടുകൾ തീർക്കാനുള്ള തുകയും പ്രതിഫലത്തിൽനിന്നു കണ്ടെത്തണം. അതുകൊണ്ടു തന്നെ തങ്ങൾക്ക് കമ്പനികൾ നൽകുന്ന പ്രതിഫല തുക വർധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും ഇവർ പറയുന്നു.

  • Related Posts

    ‘ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍’; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു.…

    ‘കെട്ടിച്ചമച്ച കേസ്, ഔദ്യോഗിക ജീവിതം കളങ്കപ്പെടും’; നവകേരള ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ പ്രതികളായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പുറത്ത്

    Spread the love

    Spread the loveആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണ്. അറസ്റ്റിലായാല്‍ ഔദ്യോഗിക ജീവിതം കളങ്കപ്പെടും.…

    Leave a Reply

    Your email address will not be published. Required fields are marked *