തീ പടർന്നത് കാറിന്റെ പിൻ‍ഭാഗത്ത് നിന്ന്, പെട്രോൾ ടാങ്കിൽ ചോർച്ചയില്ല; അപകടകാരണം കണ്ടെത്താനായില്ല

Spread the love

കോഴിക്കോട് ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

 

എൻജിന്റെ റേഡിയേറ്റർ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല. വാഹനത്തിലെ എസി ഭാഗത്തും ഫൊറൻസിക് വിഭാഗം പ്രശ്നങ്ങൾ കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറൻസിക് വിദഗ്ധർ പറയുന്നത്. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

 

കാർ ഓടിച്ച ഭർത്താവ് രജിൻലാൽ(34) 60 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ മോട്ടർവാഹന വകുപ്പും പരിശോധന നടത്തും. ചെറുവണ്ണൂർ കക്കറമുക്കിൽ വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് പെട്ടെന്ന് കത്തിയമർന്നത്.

 

റോഡിലൂടെ പോവുകയായിരുന്ന കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്ന് രജിൻ പുറത്തിറങ്ങിയെങ്കിലും കാറിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. രജിൻലാൽ സമീപത്തെ തോട്ടിൽ ഇറങ്ങിയാണ് വസ്ത്രത്തിലെ തീയണച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ രജിൻ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ രജിൻ പറഞ്ഞപ്പോഴാണ് കാറിനുള്ളിൽ സോനയും ഉണ്ടെന്നത് മനസ്സിലായത്. അതിനിടെ വലിയ തോതിൽ കാറിൽ തീപടർന്നിരുന്നു.

 

പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. കാറിന്റെ മുൻഭാഗത്ത് വലിയ തോതിൽ തീപിടിച്ചിട്ടില്ല. മേപ്പയൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സോനയുടെ മൃതദേഹം ശനിയാഴ്ച രാത്രി പാലേരി കല്ലിക്കണ്ടിയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. മൂന്നു വർഷം മു‍ൻപാണ് രജിൻലാലും സോനയും വിവാഹിതരായത്. പ്രണയവിവാഹം ആയിരുന്നു. വിദേശത്തായിരുന്ന രജിൻലാൽ ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്. പാലേരി കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ: സോനു.

  • Related Posts

    സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

    Spread the love

    Spread the loveഫറോക്ക്(കോഴിക്കോട്) ∙ സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതനായി. സൗദി പൗരന്റെ മകൻ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ…

    സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 – 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെന്‍സസ് ചുമതലകള്‍ക്കയാണ് നടപടി എന്നാണ് വിശദീകരണം. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *