ഡെറാഡൂണ്‍: പ്രായം ഒന്നിനും ഒരു തടസമല്ല. പലപ്പോഴും അത് പോസിറ്റീവായിട്ടാണ് നമ്മള്‍ അത് ഉപയോഗിക്കാറ്. എന്നാല്‍ ഇവിടെ ഇതാ കഥ മാറിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഡോയിവാലയിലെ ഒരു ജ്വല്ലറിയില്‍ നടന്ന സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരും പ്രതീക്ഷിക്കാത്ത ഒരു ബ്രെയിന്‍ ആണ്. മോഷണത്തിന് ആസൂത്രണം നല്‍കിയത് 80 വയസുകാരിയാണെന്ന് അറിഞ്ഞാല്‍ ഞെട്ടാതെ തരമില്ല.
കഞ്ചന്‍ ജ്വല്ലേഴ്‌സില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച പ്രാദേശിക പൊലീസിൻറെ അന്വേഷണം മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്മാര്‍ അടങ്ങുന്ന ഒരു അന്തര്‍സംസ്ഥാന സംഘത്തിലാണ് ചെന്നെത്തിയത്. മുതിര്‍ന്ന പൗരന്‍മാരായതിനാല്‍ തങ്ങളെ സംശയിക്കില്ലെന്ന് ഉറപ്പിച്ച സംഘം ഏകദേശം 7 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സംസ്ഥാനം വിടാന്‍ ശ്രമിക്കുന്നിതിനിടെയാണ് ഇവര്‍ പിടിയിലായത്. സംഘം തങ്ങളുടെ പ്രായത്തെ ഒരു പ്രതിരോധ കവചമായി ഉപയോഗിച്ചു. പ്രായമായവരായതിനാല്‍ വ്യാപാരികള്‍ ജാഗ്രത കാണിച്ചില്ല. ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്ന് ഒരിക്കലും സംശയിച്ചതുമില്ല, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മേയ് 8-നാണ് സംഭവം നടന്നത്. ഉപഭോക്താക്കള്‍ എന്ന വ്യാജേനയാണ് പ്രതികള്‍ കടയില്‍ കയറിയത്. സംഘത്തിലെ ചിലര്‍ വിലപേശലിലൂടെ കടയുടമയുടെ ശ്രദ്ധ തിരിച്ചു, ആ സമയത്ത് മറ്റുള്ളവര്‍ ആറ് സ്വര്‍ണ്ണ മാലകള്‍ രഹസ്യമായി പോക്കറ്റിലാക്കി. സ്വര്‍ണം മോഷണം പോയത് മനസിലാക്കിയ ജ്വല്ലറി ഉടമയുടെ പരാതിയെത്തുടര്‍ന്ന് മെയ് 9-ന് ഡോയ്വാല കോട്വാലി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഡെറാഡൂണ്‍ എസ്എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ഉപയോഗിച്ച് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ തയ്യാറെടുക്കുകയായിരുന്ന സംഘത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച, ഹരവാല റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ സംഘത്തിലെ ആറ് അംഗങ്ങളെയും കസ്റ്റഡിയിലെടുക്കുകയും മോഷ്ടിച്ച മുതലുകള്‍ പൂര്‍ണമായും വീണ്ടെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ തങ്ങളുടെ മോഷണ രീതി വിവരിച്ചു. സംഘാംഗങ്ങള്‍ക്ക് ചെയ്യേണ്ട ജോലി വീതിച്ചു നല്‍കിയാണ് മോഷണം നടത്തിയിരുന്നത്. ചിലര്‍ വിലയെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ആശയക്കുഴപ്പമുണ്ടാക്കുന്ന സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് വ്യാപാരിയുടെ ശ്രദ്ധ തിരിക്കും. മറ്റുള്ളവര്‍ മോഷണം നടത്താനുള്ള അവസരം മുതലാക്കും. ഇവരെ നിയന്ത്രിക്കുന്നതാകട്ടെ 80 വയസുകാരിയായ വിമല എന്ന സത്രീയും. ഈ സംഘം ഡെറാഡൂണിലെ മറ്റ് കടകളും ലക്ഷ്യമിട്ടിരുന്നെങ്കിലും പിടിക്കപ്പെടുകയായിരുന്നു. പ്രതികള്‍ സമാനമായ മറ്റ് കുറ്റകൃത്യങ്ങളും സമ്മതിച്ചതായാണ് വിവരം.
പാണ്ഡുരംഗ് (76), സംഘത്തലവനായ വിമല്‍ (80) , വാസുദേവ് നാംദേവ് ഷിന്‍ഡെ (57), സതീഷ് നാംദേവ് ഷിന്‍ഡെ (39), മനീഷ് മനോഹര്‍ മോറെ (46), മങ്കേഷ് സുര്‍വെ (34),എന്നിവരാണ് അറസ്റ്റിലായവര്‍.








