മൈസൂരു ∙ ബാർബർ ഷോപ്പിലെ കസേരയിൽ അച്ചടക്കത്തോടെ ഇരിക്കുന്ന കുരങ്ങന്റെ മുടി വെട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുകയാണ്. ചാമരാജ്നഗർ സന്തേമാരഹള്ളി ഗ്രാമത്തിലെ ദേവരാജുവാണു തന്റെ കടയിലെത്തിയ കുരങ്ങന്റെ മുടിവെട്ടിയൊതുക്കി മടക്കി അയച്ചത്. കുരങ്ങന്മാർ ഏറെയുള്ള ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് ഒരു കുരങ്ങ് കടയിലേക്കു കയറി വന്നത്.
കസേരയിൽ കയറി മുന്നിലെ കണ്ണാടിയിൽ കുറെ നേരം സൗന്ദര്യം ആസ്വദിച്ചിരുന്നു. ഇതിനിടെ ദേവരാജ് കുരങ്ങന്റെ തലയിൽ മസാജ് ചെയ്തു. മസാജ് ആസ്വദിച്ച കുരങ്ങൻ ഉറങ്ങി. പിന്നീടു കത്രിക ഉപയോഗിച്ചു മുടി വെട്ടാൻ ആംഗ്യം കാണിച്ചു. ആദ്യം ഒന്നു പേടിച്ചെങ്കിലും കസേരയിൽ നിന്നിറങ്ങാൻ കുരങ്ങൻ തയാറായില്ല. തുടർന്നു ദേവരാജ് കുരങ്ങന്റെ മുടി മുറിച്ചു ഭംഗിയാക്കി. വീണ്ടും കണ്ണാടിയിൽ സൗന്ദര്യം പരിശോധിച്ച കുരങ്ങൻ അൽപ സമയത്തിനുള്ളിൽ മടങ്ങി. കടയിലുണ്ടായിരുന്ന സുഹൃത്തുക്കളാണു വിഡിയോ പകർത്തിയത്.






