തിരൂർ∙ ‘പറഞ്ഞ വാക്കുപാലിക്കും, ഞാൻ സഖാവാണ്’– ഇതും പറഞ്ഞു മുഹമ്മദ് സെയ്ൻ സമാൻ നേരെ ബാർബർ ഷോപ്പിലേക്കു പോയി. തിരിച്ചുവന്നപ്പോൾ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. വാക്കുപാലിച്ച കുട്ടിസഖാവിനൊരു വിളി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു മറുതലയ്ക്കൽ. ബിനീഷ് കോടിയേരിയും കല്യാശേരി നിയുക്ത എംഎൽഎ എം.വിജിനുമടക്കം, നമ്മൾ തിരിച്ചുവരുമെന്ന ക്യാപ്ഷനോടെ മുഹമ്മദ് സെയ്ൻ സമാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മൊട്ടയടിച്ച സഖാവിന്റെ വിഡിയോകൾ ഇടതു സമൂഹമാധ്യമങ്ങളിൽ വൻ വൈറലായി.
വെട്ടം മുറിവഴിക്കലിലെ അധ്യാപകൻ കണ്ണാത്ത് സൈനുൽ ആബിദിന്റെ മകനാണ് മൂന്നാം ക്ലാസുകാരനായ മുഹമ്മദ് സെയ്ൻ സമാൻ. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.അബ്ദുറഹിമാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മൊട്ടയടിക്കുമെന്ന് സൈനുൽ ആബിദുമായി ബെറ്റ് വച്ചതാണ്. ഈ പന്തയത്തെക്കുറിച്ച് സൈനുൽ ആബിദ് കുടുംബ വാട്സാപ് ഗ്രൂപ്പിൽ പറഞ്ഞിരുന്നു.
ഫലം വന്നപ്പോൾ ഗ്രൂപ്പിൽ ചോദ്യം – സമാൻ മൊട്ടയടിക്കുന്നില്ലേ എന്ന്. ഇതോടെ അവൻ പറഞ്ഞു – വാക്കു പാലിക്കുമെന്ന്. മകൻ മൊട്ടയടിച്ചതോടെ, ഉപ്പ സൈനുൽ ആബിദും മകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തല മൊട്ടയടിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എം.വി.ഗോവിന്ദൻ വിഡിയോ കോൾ ചെയ്തത്. ബിനീഷ് കോടിയേരിയും വിളിച്ചു. വി.അബ്ദുറഹിമാൻ ഇനിയും മത്സരിക്കുമെന്നും ജയിക്കുമെന്നുമാണു സമാന്റെ ഉറച്ച വിശ്വാസം.






