കൊച്ചി ∙ കോളജ് വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ. ഈ മാസം 20ന് കാലടി ശബരി റെയിൽവെപാലത്തിനടിയിലെ പുഴയിൽ അവശനിലയിൽ കണ്ടെത്തിയ പെരുമ്പാവൂർ കൂവപ്പടി ഇളമ്പകപ്പിള്ളി പനമടത്ത് വീട്ടിൽ ബിജുവിന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജന (22) പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ആൺസുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദു ജില്ലാ പൊലീസ് മേധാവിക്കും പെരുമ്പാവൂർ പൊലീസിനും പരാതി നൽകി. മകളുടെ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇത് ലഭിച്ചാൽ മരണത്തിന്റെ കാരണം വ്യക്തമാകുമെന്നും അമ്മ പറയുന്നു. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച പൊലീസ് ഇക്കാര്യങ്ങളിൽ അന്വേഷണം നടന്നു വരികയാണെന്നും വ്യക്തമാക്കി.
റെയിൽവെ പാലത്തിനു താഴെ വെള്ളത്തിൽ അവശനിലയിൽ കണ്ട അഞ്ജനയെ നാട്ടുകാർ ആദ്യം കാലടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ ചരിത്ര വിദ്യാർഥിയായിരുന്നു അഞ്ജന. തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു. കേരള സർവകലാശാലയിൽ നിന്ന് ആർക്കിയോളജിയിൽ പി.ജി എടുത്ത് ആർക്കിയോളജിസ്റ്റ് ആവാൻ ആഗ്രഹിച്ചതാണ്. മരിക്കുന്നതിന്റെ തലേന്ന് അഞ്ജനയുടെ ചേച്ചിയുടെ പിറന്നാളായിരുന്നു. ഇതും ആഘോഷിച്ച്, രാത്രിയിലും രാവിലെ എട്ടു മണിവരെയും ഇരുന്ന് പഠിച്ച ശേഷം പരീക്ഷയ്ക്ക് പോയ മകൾ എങ്ങനെ രണ്ടു മണിക്കൂറിനു ശേഷം ആത്മഹത്യ ചെയ്യുമെന്ന് ബിന്ദു ചോദിക്കുന്നു.
വീട്ടിലുണ്ടായിരുന്ന മുത്തശിക്കൊപ്പം രാവിലെ 8.45ന് വീട്ടിൽ നിന്നിറങ്ങി 9.15ന് മുത്തശിയെ പെരുമ്പാവൂരിൽ നിന്ന് അഞ്ജന ബസ് കയറ്റിവിട്ടെന്ന് ബിന്ദു പറയുന്നു. ഇതിനിടയിൽ അമ്മായിയോടും സംസാരിച്ചിരുന്നു. 9.45 ഓടെ അവിെട നിന്ന് ബസ് കയറിയ അഞ്ജന മരിച്ചതായി 10.30ഓടെ താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ഇതിനിടയിൽ എന്താണ് ഉണ്ടായത് എന്ന് അറിയണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. ഒരു യുവാവുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നെന്ന് അഞ്ജനയുടെ സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞതെന്നും ബിന്ദു പറയുന്നു. എന്നാൽ ആ ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇക്കാര്യം യുവാവിനോട് പറയുമെന്നും അഞ്ജന പറഞ്ഞിരുന്നതായി സുഹൃത്ത് തന്നോട് വെളിപ്പെടുത്തി. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചു പോയ തന്റെ സഹോദരന്റെ മകനോടും സുഹൃത്തിനോടും അവിടെയുണ്ടായിരുന്നവർ പറഞ്ഞത്, അഞ്ജനയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു എന്നാണ്. ആ പാലത്തിന്റെ അവിടെ ടണൽ പോലെയുണ്ട്. അതിലെ ഒരു ടണലിന്റെ അടിയിലാണ് അഞ്ജന വീണു കിടന്നിരുന്നത്. ഈ സമയത്ത് സ്ഥലത്തു നിന്ന് ആരോ ഓടിപ്പോയതായി തങ്ങൾ കേട്ടെന്ന് ചിലർ പറഞ്ഞിരുന്നു. ഒപ്പം, താഴേക്ക് വീഴുമ്പോൾ അയ്യോ എന്നൊരു നിലവിളി ശബ്ദം കേട്ടെന്ന് അവിടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാൻ ചാടുമ്പോൾ ആരും നിലവിളിക്കില്ലല്ലോ എന്നും ബിന്ദു പറഞ്ഞു.
അഞ്ജനയുടെ ഫോൺ വീണ്ടെടുക്കണമെന്നും ഇത് ലഭിച്ചാൽ മരണകാരണം അറിയാനാകുമെന്നും ബിന്ദു പറയുന്നു. ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറയാൻ ചെന്ന അഞ്ജനയെ തള്ളിത്താഴെയിട്ടതാണോ എന്ന സംശയവും അവർ പങ്കുവച്ചു. അമ്മയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് ഇതിനകം കേസെടുത്തിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിലുണ്ടെന്നും പൊലീസ് പറഞ്ഞു.





