പഴകിയ ഭക്ഷണം, കൂലിയില്ലാതെ ജോലി, മർദനം: കർണാടകയിലെ അടിമജീവിതത്തിൽനിന്നു രക്ഷപ്പെട്ട് ഉദയൻ

Spread the love

കാസർകോട് ∙ രാവിലെ ആറുമുതൽ രാത്രി എട്ടു വരെ ജോലി, രണ്ടു നേരം കുറച്ചു ഭക്ഷണം, അതും പഴകിയത്, കുടിക്കാനോ കുളിക്കാനോ വെള്ളമില്ല, പണി കഴിഞ്ഞാൽ മുറിയിൽ പൂട്ടിയിടും. രക്ഷപ്പെടാൻ ശ്രമിച്ചാൽ ക്രൂരമർദനം. കർണാട‌കയിലെ ഇഞ്ചിത്തോട്ടത്തിലെ അടിമപ്പണിയിൽനിന്ന് പൊലീസ് രക്ഷിച്ചു പുറത്തെത്തിച്ചപ്പോൾ ഉദയനും ഒപ്പമുണ്ടായിരുന്ന 17 പേർക്കും പുനർജന്മം കിട്ടിയതുപോലെയാണു തോന്നിയത്. കാസർകോട് പുത്തിഗ സ്വദേശി ഉദയനെയും കൊല്ലം സ്വദേശി അനിലിനെയും 16 കർണാടക സ്വദേശികളെയും കർണാടക ബേലൂർ താലൂക്കിലെ ഹലേബീഡു ഹോബ്ലിയിലെ ചട്നഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തില്‍ നിന്നാണ് കർണാടക പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് രക്ഷിച്ചത്. നാലും അഞ്ചും വര്‍ഷമായി ഒരു രൂപ പോലും കിട്ടാതെ അടിമവേല ചെയ്യേണ്ടിവന്നവരും ഇതിലുണ്ട്. ആ നരകജീവിതത്തെപ്പറ്റി ഉദയൻ സംസാരിക്കുന്നു.

 

കാസർകോടിന്റെ അതിർത്തി പ്രദേശങ്ങളിൽനിന്നും നിരവധി പേർ തൊഴിൽതേടി മംഗലാപുരത്ത് എത്താറുണ്ട്. തൊഴിലാളികളെ ആവശ്യമുള്ള ഭൂവുടമകളും കരാറുകാരും ഇവരെ പണിക്കായി വിളിച്ചുകൊണ്ടുപോകും. ഒരു വർഷം മുൻപാണ് നാട്ടിൽ നിർമാണത്തൊഴിലാളിയായിരുന്ന ഉദയൻ പണി തേടി മംഗലാപുരത്തെത്തിയത്. ഒരാഴ്ച കാപ്പിത്തോട്ടത്തിലെ ജോലി എന്നു പറഞ്ഞാണ് കരാറുകാരൻ ഉദയനെ സമീപിച്ചത്. ദിവസം 700 രൂപ കൂലിയും സൗജന്യ താമസവും ഭക്ഷണവുമായിരുന്നു വാഗ്ദാനം. കാറിലാണ് പണിസ്ഥലത്തേക്കു കൊണ്ട‌ുപോയത്. കൊല്ലം സ്വദേശി അനിൽ അടക്കം നാലു തൊഴിലാളികൾ കൂടി കാറിലുണ്ടായിരുന്നു. അവരെ കൊണ്ടുപോയത് ചട്നഹള്ളിയിലേക്കായിരുന്നു, അവിടെയെത്തിയപ്പോഴാണ് ഇഞ്ചിത്തോട്ടത്തിലാണ് പണി എന്നറിഞ്ഞത്. നാഗ, അയാളുട‌െ മരുമകൻ മങ്കേഷ് എന്നിവരുടേതായിരുന്നു തോട്ടം. ഉദയനും മറ്റും അവിടെയെത്തുമ്പോൾ 14 തൊഴിലാളികൾ അവിടെയുണ്ടായിരുന്നു. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ചതിയിൽപെട്ടെന്ന് ഉദയൻ തിരിച്ചറിഞ്ഞത്. അക്ഷരാർഥത്തിൽ അട‌ിമവേലയായിരുന്നു അവിടെ.

 

700 രൂപ ദിവസക്കൂലി പറഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും കൂലിയായി ഒരു രൂപ പോലും കിട്ടിയിട്ടില്ല. അഞ്ചു വർഷമായി ഒരു രൂപ പോലും കൂലി ലഭിക്കാതെ പണിയെടുത്തവർ കൂട്ടത്തിൽ ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുമ്പോൾ ഒരുമിച്ച് പണം തരാം എന്നായിരുന്നു ഉദയനോട് കൃഷിയുടമ പറഞ്ഞത്.

 

18 പേർക്ക് താമസിക്കാൻ ഒരു ചെറിയ ഹാളാണ് നൽകിയത്. കുടിക്കാനോ കുളിക്കാനോ പോലും വെള്ളമില്ലായിരുന്നു. ശുചിമുറി സൗകര്യവും ഇല്ലായിരുന്നു. രണ്ടു നേരം പഴകിയ ഭക്ഷണമാണ് ലഭിച്ചിരുന്നത്. മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ പോലും ലഭിച്ചിരുന്നു. രാവിലെ ആറു മുതൽ രാത്രി എട്ടു വരെ പണിയെടുക്കണം. രാത്രി മാത്രമാണ് ഒപ്പമുള്ളവരെ കാണാൻ കഴിയുക. രാവിലെ ജോലിക്കായി കൊണ്ടുപോകാൻ ഒരാളെത്തും. രക്ഷപ്പെട്ട് പോകാതിരിക്കാനായി മുറിക്ക് കാവലിനാളുണ്ടായിരുന്നു. എല്ലാവരുടെയും ഫോൺ കൃഷിയുടമ വാങ്ങിവച്ചിരുന്നു. രാവിലെ 5.30 ഓടെ വണ്ടിയുമായി ഭൂവുടമയുടെ ആളെത്തും. പല്ലു തേക്കാൻ പോലും അനുവദിക്കാതെ ജോലിക്കായി കൊണ്ടുപോകും. രാത്രി എട്ടിന് തിരികെ മുറിയിലാക്കും. വീട്ടുകാരെ ബന്ധപ്പെടാനോ വീട്ടിലേക്ക് പോകാനോ അനുവദിച്ചിരുന്നില്ല. കൃഷിയിടത്തോടു ചേർന്നുള്ള മുറിയിൽ പതിനെട്ടുപേരെയും പൂട്ടിയിടുകയാണ് പതിവ്. കുടിക്കാനുള്ള വെള്ളം കൃഷിയിടത്തിൽനിന്ന് കുപ്പികളിൽ ശേഖരിച്ചാണ് കൊണ്ടുവരാറുള്ളത്.

 

പണിയെടുത്തില്ലെങ്കിലും രക്ഷപ്പെടാൻ ശ്രമം നടത്തിയാലും അതിക്രൂരമർദനമാണ് ലഭിച്ചത്. കര്‍ണാടക സ്വദേശികൾക്ക് സ്ഥിരമായി മർദനമേറ്റിരുന്നു എന്നും ഉദയൻ പറയുന്നു. ഉദയനൊപ്പം ഉണ്ടായിരുന്ന കർണാടക സ്വദേശി ഈരണ്ണ ഒരു ദിവസം എങ്ങനെയോ അവിടെനിന്നു രക്ഷപ്പെട്ടു. അതാണ് മറ്റുള്ളവർക്കും രക്ഷയായത്. ഈരണ്ണ അയാളുടെ നാട്ടിലെത്തിയ ശേഷം അയാളു‌ടെ അമ്മയാണ് തോട്ടത്തിലെ അടിമപ്പണിയെപ്പറ്റി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കർണാടക പൊലീസും റവന്യൂ വകുപ്പും അന്വേഷണം നടത്തി. പൊലീസ് തോട്ടത്തിലെത്തുമ്പോൾ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു തൊഴിലാളികൾ.

 

അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഉദയൻ ഇടയ്ക്കിടെ പണിക്കായി വീട്ടിൽനിന്നു പോകാറുണ്ട്. പലപ്പോഴും ഏറെക്കാലം കഴിഞ്ഞാവും മടങ്ങിവരിക. അതുകൊണ്ടുതന്നെ വീട്ടുകാർ അന്വേഷിച്ചതുമില്ല. എവിടെപ്പോയാലും വരുമെന്ന് അറിയാമെന്നായിരുന്നു അമ്മ ദേവകിയുടെയും മറുപടി.

  • Related Posts

    ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അപകടം; വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveഅമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം.   മാതൃസഹോദരന്‍ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടര്‍ന്ന്…

    രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തും; ഭീതി പടര്‍ത്തിയ യുവാവ് പിടിയില്‍

    Spread the love

    Spread the loveകൊച്ചി: നെട്ടൂരില്‍ രാത്രികാലങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശിയായ സനൂപ് എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഹനങ്ങള്‍ തടയുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.   ‘രാത്രി…

    Leave a Reply

    Your email address will not be published. Required fields are marked *