തൊടുപുഴ: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം.
സുഹൃത്തുക്കളായ രാഹുൽ സണ്ണിയും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്കു തർക്കം സംഘർഷമായി. രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചു. അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പൊലീസ് കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യലഹരിയിൽ സംഭവിച്ച കൈയബദ്ധമാണ് എന്നാണ് പ്രതി സജയൻ പൊലീസിനോട് പറഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഫോറൻസിക് സംഘവും സ്ഥലം പരിശോധിച്ചു. രാഹുലിന്റെ പോസ്റ്റുമോർട്ടം ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് വ്യക്തമാക്കി.






